പാലക്കാട്: കുടുംബശ്രീ മുഖേന വായ്പയെടുത്ത് തിരിമറി നടത്തിയ കേസില്‍ സിപിഎം പാലക്കാട് മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരെ നെന്മാറ പോലീസ് ഒമ്പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നെന്മാറ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റീന സുബ്രഹ്മണ്യന്‍, അനില്‍കുമാറിന്റെ ഫാം നോക്കിയിരുന്ന കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. വിശ്വാസവഞ്ചനയ്‌ക്കും, പണാപഹരണത്തിനുമാണ് കേസ്. അതേസമയം, പാര്‍ട്ടി തലത്തില്‍ ഒത്തുതീര്‍പ്പ് ശ്രമവുമുണ്ടായി. ഇതു പാളിയതോടെയാണ് പോലീസ് കേസെടുത്തത്.
2017 മാര്‍ച്ചിലാണ് വക്കാവിലെ 20 യൂണിറ്റുകള്‍ക്കായി 83 ലക്ഷം രൂപ നെന്മാറ കാനറ ബാങ്ക് ശാഖയില്‍ നിന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണിന്റെ ശുപാര്‍ശ പ്രകാരം വായ്പ നല്‍കിയത്. നാലാള്‍ ഉള്‍പ്പെട്ട 17 ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകള്‍ ഉള്‍പ്പെട്ട മൂന്ന് ഗ്രൂപ്പുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് അയച്ചത്. എന്നാല്‍ വായ്പ തുകയില്‍ കുറവുണ്ടെന്ന് കാണിച്ച് അംഗങ്ങള്‍ ആദ്യം സിപിഎമ്മിനാണ് പരാതി നല്‍കി. സിപിഎമ്മിന്റെ മൂന്നംഗ കമ്മീഷന്‍ അന്വേഷണം നടത്തി 62 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
കുടുംബശ്രീ ചെയര്‍പേഴ്‌സണെയും, മുന്‍ ബ്രാഞ്ച് സെക്രട്ടറിയേയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് 2019 ആഗസ്റ്റില്‍ പുറത്താക്കി. പണം തിരിച്ചു നല്‍കുന്നതിന് പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തി. എന്നാല്‍, വായ്പ കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചു നല്‍കിയില്ലെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. ഇതിനിടെ, കുടിശികയായ തുക തിരിച്ചുപിടിക്കുന്നതിന് ബാങ്ക് ചിറ്റൂര്‍ മുന്‍സിഫ് കോടതി മുഖേന കുടുംബശ്രീ അംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് വായ്പത്തുക പൂര്‍ണമായും നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകള്‍ പോലീസില്‍ പരാതി നല്‍കിയത്. പാട്ടത്തിന് സ്ഥലം ശരിയാക്കിക്കൊടുക്കുന്നതിനായി ഓരോ യൂണിറ്റില്‍നിന്നും മൂന്നുലക്ഷം രൂപവീതം വാങ്ങിയെന്നും എന്നാല്‍, സ്ഥലം നല്‍കുകയോ വാങ്ങിയ തുക തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്നുമാണ് കുടുംബശ്രീ അംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്.
അതേസമയം, പാര്‍ട്ടി പുറത്താക്കിയിട്ടും റീന ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുകയായിരുന്നു. പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെതിരെ ഒരു വിഭാഗം സിപിഎമ്മുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ ചെയര്‍പേഴ്‌സണെ പുറത്താക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് നെന്മാറയിലും വക്കാവിലും പോസ്റ്ററുകളും പതിച്ചു.
സംഘടനാ തീരുമാനം നടപ്പാക്കാത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിലെ ഒരുവിഭാഗം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതിയും നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: