തൃശൂര്‍: കൊറോണ പരിശോധനയക്ക് ആന്റിജന്‍ ടെസ്റ്റ് വിപുലമാക്കി ആരോഗ്യ വകുപ്പ്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനോടൊപ്പം തന്നെ സമ്പര്‍ക്ക കേസ് വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ആന്റിജെന്‍ ടെസ്റ്റ് വിപുലമാക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളിലും ആരോഗ്യ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്.
ആശുപത്രികളില്‍ ചികിത്സയിലുള്ള കൊറോണ രോഗികളെ ആന്റിജെന്‍ ടെസ്റ്റ് നടത്തിയാണ് ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത്. നേരത്തേ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ചതിനു ശേഷമേ ഡിസ്ചാര്‍ജ് ചെയ്തിരൂന്നുള്ളൂ. രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഇത് ഒരു പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ ഡിസ്ചാര്‍ജിന് പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി ആരോഗ്യവകുപ്പ് പിന്നീട് ഉത്തരവിറക്കുകയായിരുന്നു. ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഉത്തരവ്. പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് ചെലവ് കൂടുതലാണെന്നതിനു പുറമേ റിസള്‍ട്ട് അറിയാന്‍ സമയവുമെടുക്കും. അതേസമയം ആന്റിജെന്‍ ടെസ്റ്റില്‍ പെട്ടെന്ന് ഫലം അറിയാന്‍ സാധിക്കും.
പിസിആര്‍ പരിശോധനയേക്കാള്‍ ആറിലൊന്ന് തുക മാത്രമേ ആന്റിജെന്‍ ടെസ്റ്റിന് വരുന്നുള്ളൂ. പിസിആര്‍ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ വരുമെന്നിരിക്കെ, ആന്റിജെന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന. അരമണിക്കൂറിനുള്ളില്‍ ഫലമറിയാം. കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാമെന്നതും ടെസ്റ്റിന്റെ നേട്ടമാണ്. ലാബുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല. കൂടുതല്‍ പേരെ ഒരേസമയം പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ടെസ്റ്റ് കൂടുതല്‍ ഉപകാരപ്രദമാകുന്നത്. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉളളവരില്‍ പോസിറ്റീവ് ഫലം കിട്ടില്ല. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആള്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്കാന് കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ടെസ്റ്റിലൂടെ അറിയാനാകും. സ്രവമെടുക്കുന്നതിനും പരിശോധനയക്കും ലാബുകളുടെ ആവശ്യമില്ല എന്നതും ആന്റിജെന്‍ ടെസ്റ്റിന്റെ പ്രത്യേകതയാണ്.
നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേഴ്സ് പിസിആര്‍ എന്ന മോളിക്കുലാര്‍ പരിശോധനയാണ് ആദ്യം നടത്തുക. കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള ആര്ഡിആര്പിഒ.ആര്‍എഫ് 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: