തൃശൂര്‍: വലപ്പാട് കോതകുളം ബീച്ചില്‍ നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസില്‍ ശിക്ഷ വിധിച്ച് തൃശൂര്‍ കോടതി. പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി. ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയില്‍ മുട്ടക്കാട്ടില്‍ ഗ്യാസ് രാജേന്ദ്രന് എന്ന രാജേന്ദ്രന് (57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കല്‍ പവിത്രന് (52) എന്നിവരെ 15 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കല്‍ അനില്‍ എന്ന ലൈലേജ് (47, നാലാം പ്രതി ഇടുക്കി വാത്തിക്കുടിയില്‍ കോണിപ്പാട്ട് ഷിജു എന്ന സിജി (44) എന്നിവരെ 14 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കുന്നതിനാണ് ജഡ്ജി കെ.ആര്. മധുകുമാര്‍ ശിക്ഷിച്ചത്.
ജില്ലയില്‍ കഞ്ചാവ് കേസില്‍ ഇത്രയും ഉയര്‍ന്ന ശിക്ഷ വിധിക്കുന്നത് ആദ്യമാണ്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2017 മെയ് 27നാണ് കേസിനാസ്പദമായ സംഭവം. കോതകുളം ബീച്ചില്‍ വാഹനങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നതിന് ഒരു സംഘമെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വലപ്പാട് എസ്ഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും പിക്കപ്പ് വാനില്‍ പ്രത്യേകമായി നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നുമായി 68.5 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നായിരുന്നു ഇത്. തീരദേശത്തെ യുവാക്കള്‍ക്കിടയില്‍ 500 രൂപ നിരക്കില്‍ 10 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വില്‍ക്കുന്നതിന് ഒറീസയില്‍ നിന്ന് കൊണ്ടുവന്നിരുന്ന സംസ്ഥാനാന്തര കഞ്ചാവ് മാഫിയയിലെ അംഗങ്ങളായിരുന്നു പ്രതികള്‍. വലപ്പാട് സിഐ സി.ആര്. സന്തോഷ്കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്.
കഞ്ചാവ് കടത്തിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ഒന്നാം പ്രതി രാജേന്ദ്രന്റെ ഭാര്യയുടെ പേരിലും മൂന്നാം പ്രതി പവിത്രന്റെ പേരിലുമായിരുന്നു. വാഹന ഉടമസ്ഥത സംബന്ധിച്ച ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയതാണ് കേസില്‍ പ്രതികള്‍ക്കെതിരെ പ്രധാന തെളിവുകളായത്. ഹൈക്കോടതിയിലും ജില്ലാ കോടതിയിലും നിരവധി തവണ പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കിട്ടിയില്ല. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് അതിവേഗം വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ബി. സുനില്‍കുമാര്‍, അഭിഭാഷകരായ പി.കെ. മുജീബ്, പി.ആര്. ശിവ, ശ്രീപ്രിയ രമേഷ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: