മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആര്‍ആര്‍ടി വളണ്ടിയര്‍മാരെ മര്‍ദ്ദിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരിക്കെതിരെ പോലീസ് കേസെടുത്തത് ദുര്‍ബല വകുപ്പുകള്‍ ചുമത്തി. അതിക്രമം, ഭയപ്പെടുത്തല്‍ എന്നിവക്കെതിരെ ചുമത്തുന്ന ദുര്‍ബല വകുപ്പുകളായ ഐപിസി 323, 341, 506 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് ക്വാറന്റൈന് ലംഘനം, ലോക്ക്ഡൗണ്‍ ലംഘനം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങല്‍ അടക്കമുള്ളവക്കെതിരെ പോലീസ് കേസെടുക്കാറുള്ളത്. നിയമ പ്രകാരം രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ചുമത്താമെന്നാണ് വ്യവസ്ഥ. എന്നാല്‍ ജോണി ഇടശ്ശേരി ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടും പോലീസ് ഇതുവരെ ഇയാള്‍ക്കെതിരെ കേരള എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല.
സാധാരണക്കാര്‍ക്കെതിരെ ഈ നിയമം വ്യാപകമായി ഉപയോഗിക്കുമ്പോഴാണ് സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്റെ കാര്യത്തില്‍ പോലീസ് കണ്ണടക്കുന്നത്. കണ്ടെയിന്മെന്റ് സോണില്‍ നടന്ന സംഭവമായിട്ടും ഭരണകക്ഷി നേതാവിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അതേസമയം ഇയാള്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ ക്വാറന്റൈന് ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും മുക്കം പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: