ഇടുക്കി: സ്വന്തമായി ലാബില്ലാത്തതിനാല്‍ ഇടുക്കിയില്‍ കൊറോണ രോഗികളുടെ ഫലം ലഭിക്കാന്‍ വൈകുന്നു. അതേ സമയം ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. ലാബ് അവധിയായതിനാല്‍ തുടര്‍ച്ചയായ മൂന്നാമത്തെ ചൊവ്വാഴ്ചയും ഇടുക്കിയില്‍ കൊറോണ ടെസ്റ്റ് ഫലം ലഭിച്ചില്ല.
ഇന്നലെ ഉച്ചവരെ അയച്ചതടക്കം 817 സ്രവ സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കോട്ടയം തലപ്പാടി ലാബിലാണ് ഇടുക്കിയിലെ ടെസ്റ്റ് നടത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം ലാബ് അണുവിമുക്തമാക്കി വൃത്തിയാക്കണമെന്നതിനാലാണ് അവധി നല്‍കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയ്‌ക്ക് മാത്രമായി ലാബ് ഇല്ല. അതിനാല്‍ കോട്ടയം തലപ്പാടി ലാബിനെയാണ് ആശ്രയിക്കുന്നത്. ഇവിടെയാകട്ടെ കോട്ടയം, ഇടുക്കി ജില്ലകളുടെ ടെസ്റ്റ് നടത്തണം.
ഇക്കാരണത്താല്‍ ഒരു ദിവസം ലാബ് അവധിയാകുമ്പോള്‍ പിറ്റേ ദിവസം സാമ്പിളുകളുടെ എണ്ണം കൂടും ഇതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള സാമ്പിളുകള്‍ അയക്കേണ്ടതില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. അന്ന് കോട്ടയത്തെ ടെസ്റ്റുകള്‍ മാത്രമെ നടക്കൂ. ഇതാണ് ഇടുക്കിക്ക് ഫലം ഇല്ലാതാകുവാന്‍ കാരണം. ഈ മാസം 14ന് ലാബ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ഇന്നലെ ഫലം ലഭിക്കാത്തതിനാല്‍ ഇന്ന് കൂടുതല്‍ രോഗികള്‍ക്കും ജില്ലയില്‍ സാധ്യതയുണ്ട്. ജില്ലയിലാകെ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 704 പേര്‍ക്കാണ്.
പ്രവര്‍ത്തനം നടക്കുന്നു
ഇടുക്കിയില്‍ ലാബ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനം നടന്ന് വരികയാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. അടുത്തയാഴ്ച അവസാനത്തോടെ ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ലാബിലേക്ക് ആവശ്യമായ ഒരു ഉപകരണം കൂടി വരാനുണ്ട്. ഇത് വെള്ളിയാഴ്ചയോടെ ഹൈദരാബാദില്‍ നിന്നെത്തും. നടത്തിപ്പിന്റെ ഭാഗമായി രണ്ട് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തെ ട്രെയിനിങ്ങിനായി പോകുന്നുണ്ട്. എല്ലാം തയ്യാറായാല്‍ ഫലം പരിശോധിച്ച് ഐസിഎംആറിന് അയക്കും. ഇവിടെ നിന്ന് കൂടി അനുവദി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: