കോട്ടയത്തെ മുട്ടമ്പലം വളരെ പാവപ്പെട്ടവര്‍ അധിവസിക്കുന്ന ചെറിയ പ്രദേശമാണ്. ആ ദേശമിപ്പോള്‍ വലിയ വലിയ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നിരവധി മുഖപ്രസംഗങ്ങളിലും മുട്ടമ്പലമുണ്ട്. മഹാനായ ഡോ. അംബേദ്കറുടെ പേരിലുള്ള മുട്ടമ്പലം കോളനിയില്‍ അറുപതോളം കുടുംബങ്ങളിലായി 360 പേര് അധിവസിക്കുന്നു. ആ കോളനിയില്‍ നാലുസെന്റ് മാത്രമുള്ള ശ്മശാനത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംശയം ഉടലെടുത്തു. അത് തര്‍ക്കമായി വളര്‍ന്നു. മണിക്കൂറുകളോളം മൃതദേഹം സംസ്കരിക്കാന്‍ കഴിഞ്ഞില്ല. കോളനി വാസികളുടെ സംസ്കാരമില്ലായ്മയെന്ന പേരിലാണ് ഇപ്പോള്‍ പലരും ചര്‍ച്ചയായും വിവാദമായും വളര്‍ത്തുന്നത്.
കോട്ടയം അക്ഷരനഗരമാണ്. നല്ല വിവരവും വിദ്യാഭ്യാസവും പക്വതയും വിനയവുമെല്ലാം ഉള്ള ജനങ്ങളാണ് അവിടെയുള്ളതെന്ന വാദം അംഗീകരിക്കാം. അവര്‍ക്കിടയിലെ ഈ കോളനി നിവാസികള്‍ക്ക് ഭയപ്പാടുണ്ട്. ലോകമെമ്പാടും കോവിഡിനെ ഭീതിയോടെ കാണുമ്പോള്‍ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും നല്കുന്ന മുന്നറിയിപ്പുകളുണ്ടല്ലോ. കോവിഡിനെ കുറിച്ച് കരുതല്‍ വേണം. ജാഗ്രത പുലര്‍ത്തണം എന്നൊക്കെ. അത് മുട്ടമ്പലത്തുകാര്‍ ഓര്‍ത്തുപോയി. അതിനവരെ കുറ്റം പറയാന്‍ കഴിയുമോ ?
കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ ഔസേപ്പ് ജോര്‍ജ്ജ് എന്ന 83 കാരന് മരണപ്പെട്ട ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഔസേപ്പ് ജോര്‍ജ്ജ് ഉള്‍പ്പെട്ടിരുന്ന സഭയുടെ, വിശാലമായ സെമിത്തേരിയും കടന്നാണ് മുട്ടമ്പലത്തെ ശ്മശാനത്തിലെത്തിക്കുന്നതെന്നറിഞ്ഞപ്പോഴാണ് നാട്ടുകാരുടെ ആശങ്ക വളര്‍ന്നത്. ഈ ഒരു സാഹചര്യം ഉടലെടുക്കുമെന്ന് ചിന്തിക്കാന്‍ അധികൃതര്‍ക്ക് തോന്നാത്തത് വലിയ പിഴവുതന്നെയാണ്. അത് മറച്ചുവയ്ക്കാന്‍ കൗണ്‍സിലറെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും തദ്ദേശീയരായ പാവങ്ങളെ കേസില്‍പ്പെടുത്താനുമുള്ള ശ്രമം അങ്ങേയറ്റം അപലപനീയം തന്നെയാണ്.
മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ലെന്നും മനുഷ്യത്വരഹിതമെന്നുമൊക്കെ ആക്ഷേപിക്കുന്നത് അതിരുകടന്നുപോയില്ലെ. കോവിഡ് പോലുള്ള രോഗബാധയൊന്നുമില്ലാതെ മരിച്ചവരോട് കാട്ടിയ ക്രൂരത എത്രയോ എണ്ണി പറയാനില്ലെ ? പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ ദിവസങ്ങള്‍ തന്നെ മൃതദേഹം സെമിത്തേരിയില്‍ കയറ്റാതിരുന്നിട്ടില്ലേ ? പോലീസും പട്ടാളവും തോക്കുമൊക്കെ ചൂണ്ടിയിട്ടും കൂസാതെ മൃതദേഹത്തെ തടയുന്ന കാഴ്ചയും കേരളത്തിലുണ്ടായിട്ടില്ലെ.
അക്ഷരനഗരിയുടെ സംസ്കാരം വലിയവായില്‍ വര്‍ത്തമാനം വിളമ്പുന്ന ഉയരവും വിദ്യാഭ്യാസവുമുള്ള വിവരംകെട്ടവര്‍ ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അടുക്കള പൊളിച്ച് ശവസംസ്കാരം നടത്തേണ്ടി വരുന്ന നാടാണിത്. എന്റെയും എന്റെ കുടുംബത്തിന്റെയും സഭയുടെയും സമുദായത്തിന്റെയുമെന്നുവേണ്ട ഏതെങ്കിലും ഒരു സ്ഥലം ശ്മശാനമില്ലാത്ത വിഭാഗത്തിന് നല്കാന് തയ്യാറാകുന്നുണ്ടോ? അതാണ് മലയാളി.
തന്റെ പ്രദേശത്തെ ജനങ്ങളൊന്നടങ്കം ഭീതിയിലും ആശങ്കയിലും അലമുറയിടുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നിലപാട് ഒരു കൗണ്‍സിലര്‍ക്ക് സ്വീകരിക്കാനാകുമോ ? ടി.എന്‍. ഹരികുമാര്‍ എന്ന കൗണ്‍സിലര്‍ ചെയ്തത് കൊടിയ അപരാധമെന്ന് ചാര്‍ത്തിക്കൊടുക്കുന്നവര്‍ ആത്മപരിശോധന നടത്തുന്നതല്ലെ ഉചിതം?. അതല്ല കൗണ്‍സിലര്‍ക്കുവേണ്ടി കല്‍ത്തുറങ്കോ കുഴിമാടമോ ഒരുക്കണമെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍ ഹാ! കഷ്ടം.
കോട്ടയത്ത് കോവിഡ് വന്നു മരിച്ച വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു, ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സംസ്കാരം തടഞ്ഞു എന്ന വാര്‍ത്ത ഒറ്റനോട്ടത്തില്‍ ആരിലും രോഷം ഉളവാക്കുന്നതാണ്. എന്നാല്‍, ഏതു കാര്യത്തിനും രണ്ടു വശം ഉണ്ടാകുമല്ലോ. ചില തല്പര കക്ഷികളും മാധ്യമങ്ങളും ഈ സംഭവത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ചുകാണിക്കുകയും മറു ഭാഗം തമസ്കരിക്കുകയും ചെയ്തു. നുണ പ്രചരിപ്പിക്കും പോലെ തന്നെ അപകടകരമാണ് യാഥാര്‍ഥ്യം മറച്ചു വയ്ക്കുന്നതും. ഫലത്തില്‍, സമൂഹത്തില്‍ ആശങ്കയുടെ വൈറസ് പടര്‍ത്തുന്നതും. കോട്ടയത്ത് സെമിത്തേരിയില്‍ സംസ്കാരം നടക്കാത്തതും ആലപ്പുഴയിലത് നടത്തുന്നതും കാണേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: