ന്യൂദല്‍ഹി : ഗുണ നിലവാരമില്ലാത്ത ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലും നിരോധനം കൊണ്ടുവരും. ഇതുപ്രകാരം ഇന്ത്യന്‍ സറ്റാന്ഡേര്ഡ്സ് ഗുണനിലവാരം ഉള്ള സാധനങ്ങള്‍ മാത്ര ഇനി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിറ്റഴിക്കാന്‍ സാധിക്കൂ.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതാണ്. പട്ടികയിലുള്ള 371 ഇനങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് ഉത്പന്നങ്ങളാണ്.
ഇതുപ്രകാരം കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉത്പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് മുതല്‍ ഐസ് ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്സ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.
ഇനിമുതല്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് കാണ്ട്ല, മഹാരാഷ്ട്ര, കൊച്ചി എന്നിവ ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഒരു രാജ്യം, ഒരു ഗുണനിലവാരംഎന്ന പദ്ധതിക്കു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ചില ഉത്പന്നങ്ങള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കും. ബാക്കിയുള്ളവയുടേത് 2021 മാര്‍ച്ചില്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: