കാസര്‍കോട്: എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി കര്‍ണ്ണാടകയിലെ മംഗളൂരു, പുത്തൂര്‍, സുള്ള്യ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങളിലും പ്രമുഖ അന്തര്‍ സംസ്ഥാന പാതകളിലൂടെയും പോകാന്‍ ഞാന്‍ യാത്ര അനുമതി നല്‍കണമെന്ന് ബിജെപി ജില്ലാ കമ്മറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ അധികൃതര്‍ ഒരുക്കിയ യാത്രാസൗകര്യം അപര്യാപ്തമാണെന്ന് ബിജെപി ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളെ തലപ്പാടിയിലെത്തിച്ചാണ് ഇപ്പോള്‍ കര്‍ണ്ണാടകയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ളത്. സുള്ള്യയിലേക്കും പുത്തൂരിലേക്കും പരീക്ഷയെഴുതാന്‍ പോകേണ്ടവര്‍ തലപ്പാടിയിലെത്തി വളഞ്ഞു ചുറ്റി പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൃഷ്ടിക്കാന്‍ പോകുന്നത്.
സുള്ള്യയിലേക്കും പുത്തൂരിലേക്കും അടുത്ത് കിട്ടാവുന്ന അന്തര്‍സംസ്ഥാന പാതകളില്‍ കെഎസ്ആര്‍ടിസി യാത്രാസൗകര്യമൊരുക്കിയാല് തലപ്പാടി ദേശീയപാതയോരത്ത് ഉണ്ടാകാന്‍ പോകുന്ന അപകടകരമായ ആള്‍ക്കൂട്ടം ഒഴിവാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുവാനും സാധിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പരീക്ഷ കേന്ദ്രങ്ങളിലെത്താനുള്ള നിരോധനം നീക്കണം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി വരവ് നിരോധിച്ചത് ജില്ലയില്‍ പച്ചക്കറി ലഭ്യതകുറവിനോടൊപ്പം രൂക്ഷമായ വിലക്കയറ്റവും സൃഷ്ടിച്ചിട്ടുണ്ട്. റവന്യു പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കൈക്കൂലി നല്‍കിയും ഊടുവഴികളില്ക്കൂടി പച്ചക്കറി വണ്ടികള്‍ ജില്ലയിലേക്ക് വരുന്നുവെന്നത് ഗുരുതര സ്ഥിതിവിശേഷമായി കണേണ്ടിയിരിക്കുന്നു. നിരോധനത്തിനു പകരം നിയന്ത്രണങ്ങള്‍ മാത്രം വരുത്തി പച്ചക്കറി ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അദ്ധ്യക്ഷനായി. സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സെക്രട്ടറി പി.രഘുനാഥ്, ദേശീയ സമിതി അംഗം പ്രമീള. സി. നായിക്, ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതവും സെകട്ടറി വിജയ് കുമാര്‍ റൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: