കട്ടപ്പന: പാഴ്വസ്തുക്കൾ കൊണ്ട് വാഹങ്ങളുടെ മിനിയേച്ചറുകൾ ഉണ്ടാക്കി ശ്രദ്ദേയനാവുകയാണ് തോപ്രാംകുടി സ്വദേശി ആൽബിൻ ജോണി. ബസ്, ലോറി , ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹങ്ങളാണ് ആൽബിന്റെ കരവിരുത്തിൽ മിനിയേച്ചറുകളായത്.
തോപ്രാംകുടി ചക്കുംമൂട്ടിൽ ജോണിയുടെ മകനായ ആൽബിൻ ജോണിക്കു വിനോദത്തിനോടൊപ്പം വരുമാന മാർഗം കൂടിയാണ് ഈ മിനിയേച്ചർ നിർമാണം . തോപ്രാംകുടി ചക്കുംമൂട്ടിൽ വീട്ടിൽ പാഴ് വസ്തുക്കളായി ഒന്നും തന്നെയില്ല. എല്ലാം മനോഹരമായ വാഹന മോഡലുകളാണ്. ചെറുപ്പം മുതൽക്കേ കരകൗശല നിർമാണത്തിൽ താല്പര്യമുള്ള ആൽബിൻ വാഹനങ്ങളുടെ മിനിയേച്ചർ നിർമാണ രംഗത്തേക്ക് എത്തിയിട്ട് അധിക നാളുകളായിട്ടില്ല. ആൽബിന്റെ കലാസൃഷ്ടികൾ കണ്ടാൽ യഥാർത്ഥത്തിലുള്ളവയുമായി വലിയ വ്യത്യാസം ഒന്നും പറയാനാവില്ല.
മിനിയേച്ചർ നിർമാണത്തിൽ പുറം മോടിക്ക് മാത്രമാണ് പൊതുവെ കലാകാരൻമാർ പൂർണ്ണത വരുത്താറുള്ളത്. എന്നാൽ അക്കാര്യത്തില് ആൽബിൻ വ്യത്യസ്തനാകുന്നു. വാഹങ്ങളുടെ ഇൻ്റീരിയർ അതേപടി പകർത്തുന്നതിൽ ആൽബിൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്. ബസ്സിനുള്ളിലെ ഫോട്ടോകളും ക്ലോക്കും ചെടിച്ചട്ടിയും ബെല്ലും എന്തിന് സീറ്റു കവറുകളിൽ വരെ ഈ അതുല്യ കലാ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു.
ഫോറെക്സ് ഷീറ്റാണ് ബോഡി നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഉപയോഗശൂന്യമായ ഹെഡ്ഫോൺ കൊണ്ട് ചെടി ചട്ടിയും ഗുളിക കവർ കൊണ്ട് ഹെഡ്ലൈറ്റും ഐസ്ക്രീം ബോൾ കൊണ്ട് വീൽഡ്രമ്മും നിർമ്മിച്ചു. ഓഫീസ് ഫയൽ ഉപയോഗിച്ചാണ് ബസ്സിന്റെ ചില്ലുകൾ ഉണ്ടാക്കിയിരിക്കുന്നത്. വിൻഡോ ഗാർഡ് ആയുള്ള കമ്പികൾക്ക് കുടക്കമ്പി ഉപയോഗിച്ചു. തുണിക്കൊപ്പം കിട്ടുന്ന സ്പോഞ്ച് ആണ് സീറ്റുകൾ.
ഉപയോഗശൂന്യമായ വസ്തുക്കളും നിർമ്മാണത്തെ ഏറെ സഹായിച്ചു എന്നു പറയുമ്പോൾ ആൽബിന്റെ കലയോടുള്ള അർപ്പണമനോഭാവം തെളിമയോടെ വ്യക്തമാകും. ഉണ്ടാക്കുന്ന മിനിയേച്ചറുകൾക്കു ആവശ്യക്കാർ ഏറെയാണെന്ന് ആൽബിൻ പറയുന്നു. ബസ് യാത്രയോടും ബസിനോടും കമ്പമുള്ള ആൽബിൻ നിരവധി തവണ ബസിൽ യാത്ര ചെയ്താണ് തോപ്രാംകുടി വഴി സർവീസ് നടത്തുന്ന ജീസസ് , ഹോളി മേരി അടക്കമുള്ള ബസുകൾ നിർമ്മിച്ചത്.സിവിൽ എഞ്ചിനീയറിങ് ബിടെക് ബിരുദധാരിയായ ആൽബിന്റെ വാഹങ്ങളോടുള്ള അടങ്ങാത്ത കമ്പമാണ് ഇത്തരം മിനിയേച്ചറുകളിലേക്കു നയിച്ചത്.
നിർമിച്ച പല വാഹങ്ങളും വില്പന നടത്തിയെങ്കിലും മണിച്ചേട്ടന്റെ ഓട്ടോറിക്ഷ മാത്രം വിൽക്കില്ലെന്നു ആൽബിൻ പറയുന്നു. മിനിയേച്ചർ നിർമാണത്തിൽ മാത്രമല്ല ചിത്ര രചനയിലും ഷോർട്ഫിലിം നിർമാണത്തിലും ഗാനരചനയിലും ആൽബിൻ കഴിവ് തെളിയിച്ചിട്ടുണ്ട് . സഹോദരൻ അമലും അച്ഛനും അമ്മയും പൂർണ പിന്തുണയാണ് ആൽബിന് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: