മരിച്ചു കഴിഞ്ഞാല്‍ ആറടി മണ്ണ് ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും അവകാശപ്പെട്ടതാണ്. അവിടെ ശത്രുവെന്നോ മിത്രമേന്നോ ഭേദമില്ല. കൊറോണ മഹാമാരി അത്യന്തം രൂക്ഷമായ ഇടങ്ങളില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞവരെ എപ്രകാരമാണ് അടക്കം ചെയ്തതെന്ന് ഇതിനോടകം തന്നെ നാം കണ്ടുകഴിഞ്ഞു. ആ രംഗം അതീവ ദുഃഖകരവുമായിരുന്നു. ഉറ്റവര്‍ക്ക് അടുത്ത് ചെന്ന് ഒരു നോക്ക് കാണാനാവാതെ, ഏതൊ മണ്ണില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കപ്പെടുന്ന മൃതദേഹങ്ങള്‍ ഒരര്‍ത്ഥത്തില്‍ അനാഥമാവുകയാണ് ചെയ്യുന്നത്. കൊറോണ രോഗം ഒരാളില്‍ അത്രമാത്രം ഭീതിയുയര്ത്തുന്നുവെങ്കില് അതിനൊരു കാരണവും ഇതാണ്.
കോട്ടയത്ത് കോവിഡ് വന്നു മരിച്ച വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു, ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സംസ്കാരം തടഞ്ഞു എന്ന വാര്‍ത്ത ഒറ്റനോട്ടത്തില്‍ ആരിലും രോഷം ഉളവാക്കുന്നതാണ്. എന്നാല്‍, ഏതു കാര്യത്തിനും രണ്ടു വശം ഉണ്ടാകുമല്ലോ. ചില തല്പര കക്ഷികളും മാധ്യമങ്ങളും ഈ സംഭവത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ചുകാണിക്കുകയും മറു ഭാഗം തമസ്കരിക്കുകയും ചെയ്തു. നുണ പ്രചരിപ്പിക്കും പൊലെ തന്നെ അപകടകരമാണ് യാഥാര്‍ഥ്യം മറച്ചു വയ്ക്കുന്നതും. ഫലത്തില്‍, സമൂഹത്തില്‍ ആശങ്കയുടെ വൈറസ് പടര്ത്തലായി അത്.
ജനവാസ മേഖലയായ മുട്ടമ്പലത്തെ നാലുസെന്റുള്ള ശ്മശാനത്തിലേയ്ക്ക് ആ മൃതദേഹം കൊണ്ടുവന്നത്, അത്രയൊന്നും ജനവാസമില്ലാത്ത സ്ഥലത്തെ വിശാലമായ ഒരു സെമിത്തേരി കടന്നായിരുന്നു. അത് എന്തിനെന്ന സംശയത്തില്‍ തെറ്റുണ്ടോ? കൊറോണ ബാധിച്ച് മരണപ്പെട്ട കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജ്ജിന്റെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുക എന്നത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്തമായിരുന്നു.
സഭയുടെ സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെങ്കില്‍ അതിനു കാരണം കൊറോണയോടുള്ള പേടിയും ആശങ്കയും തന്നെയാവും. ആ നിലപാടിനെ ആരും ചോദ്യം ചെയ്യുന്നില്ല. അക്കാര്യം ഒരു മാധ്യമവും പരാമര്‍ശിക്കുന്നുമില്ല. മൃതദേഹം സംസ്കരിക്കാന്‍ സെമിത്തേരിയില്‍ സ്ഥലം ധാരാളം ഉണ്ടെന്നിരിക്കെ, മുട്ടമ്പലത്തെ ജനവാസ മേഖലയിലുള്ള നാലു സെന്റിലെ വൈദ്യുതി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവന്നപ്പോള്‍ ഇതേ ഭയം അവിടത്തെ കോളനി നിവാസികള്‍ക്കും ഉണ്ടായത് സ്വാഭാവികം. അതേത്തുടര്‍ന്ന് പ്രതിഷേധിക്കുക എന്ന മാര്‍ഗ്ഗം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കോളനി നിവാസികള്‍ സ്വീകരിച്ചു. അവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ ജനപ്രതിനിധി എന്ന നിലയില്‍ അവിടുത്തെ നഗരസഭാ കൗണ്‍സിലറായ ടി.എന്‍. ഹരികുമാറിന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമായി, അധികൃതരോട് കോളനി നിവാസികളുടെ ആശങ്ക അറിയിക്കുകയും പ്രതിഷേധക്കാര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു എന്നതിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ പ്രതിസ്ഥാനത്താണ്. എതിരാളികള്‍ സംഭവത്തെ രാഷ്ട്രീയവത്കരിച്ചു കഴിഞ്ഞു. ഒരാളുടെ മരണം എപ്രകാരം വോട്ടാക്കി മാറ്റാം എന്ന് ചിന്തിക്കാതെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നുവെങ്കില്‍!
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്കാരത്തിനായി കൊണ്ടുവരുന്ന മൃതദേഹത്തില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല എന്നത് സത്യം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത സമൂഹത്തെ ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം അധികൃതര്‍ക്കുണ്ട്. ആ ബോധവത്കരണം നടന്നിരുന്നുവെങ്കില്‍ കോളനിക്കാരുടെ പ്രതിഷേധം ഒരുപക്ഷെ രമ്യതയില്‍ അവസാനിപ്പിക്കാമായിരുന്നു.
സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിന് ആരെങ്കിലും എതിര്‍പ്പുമായി വന്നതാണ് അവിടം ഒഴിവാക്കാന്‍ കാരണമെങ്കില്‍ അവിടേയും ബോധവത്കരണം ആവശ്യമായിരുന്നു. മരണത്തിന് മതമില്ലല്ലോ. അതൊന്നും ചെയ്യാതെ നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിക്ക് സമീപമുള്ള ശ്മശാനത്തിലേക്ക് മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുവന്നുവെങ്കില്‍ അതിന് കാരണം തിരക്കിയവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
എതിര്‍പ്പിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍, മൃതദേഹം സംസ്കരിക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്തുമെന്നായിരുന്നു ധാരണ. പിന്നീട് ഈ ധാരണയ്ക്ക് വിരുദ്ധമായി, രാത്രി ഇരുട്ടിന്റെ മറപറ്റി അവിടെ തന്നെ മൃതദേഹം ദഹിപ്പിച്ചു. അത് സമൂഹത്തോടുള്ള വഞ്ചനയാണ്. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി അന്തസിന് ചേര്‍ന്നതായില്ല എന്ന് പറയാതെ വയ്യ.
സംസാരിച്ച് ഉറപ്പിച്ച പൊതു ധാരണയ്ക്ക് വിരുദ്ധമായി, ഇരുട്ടിന്റെ മറവില്‍ , പോലിസ് സന്നാഹത്തോടെ വന്നു തന്നിഷ്ടം നടപ്പാക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ആശങ്കകള്‍ക്ക് പരിഹാരത്തിനായുള്ള പ്രതീക്ഷയോടെയാണ് സമൂഹം ജനപ്രതിനിധികള്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരിലേയ്ക്ക് നോക്കുന്നത്. അവര്‍ പ്രതീക്ഷിക്കുന്നത് സാന്ത്വനവും സമാധാനവും പരിഹാരവുമാണ്. അവരെ വിശ്വാസത്തിലെടുക്കുകയും ആ വിശ്വാസം കാത്തുസൂക്ഷിക്കുകയുമാണ് ജനകീയ നേതാക്കളുടെ ചുമതല. എന്ത് , എന്തിന്, എന്തുകൊണ്ട് എന്നു അവരെ ബോധ്യപ്പെടുത്തണം. ശരിയെന്ന് ഉറപ്പുള്ളത് മാത്രം പറയാനും പറഞ്ഞതില്‍ ഉറച്ചു നില്ക്കാനുമുള്ള തന്റേടം വേണം. അതിനു വേണ്ടത്, എങ്ങനെയും വഴങ്ങുന്ന നാവല്ല, വളയാത്ത നട്ടെല്ലാണ്. എങ്കിലേ ശരി ഏതെന്നു തിരിച്ചറിയാനാകൂ. അതുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ മുട്ടമ്പലത്തെ രാത്രി നാടകം ഉണ്ടാകുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: