എല്ലാം പാര്‍ട്ടിയറിയുന്നു, പക്ഷേ, തിരുത്താന്‍ പാര്‍ട്ടിക്ക് കരുത്തില്ല. പിണറായി സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള ബന്ധം ഈ അവസ്ഥയിലാണിപ്പോള്‍. ഭരണം കുത്തഴിഞ്ഞു, പാര്‍ട്ടിയോടുള്ള ജനവിശ്വാസം അനുദിനം തകരുന്നു. തുടര്‍ഭരണം പോയിട്ട് നിലനില്‍പ്പുതന്നെ സംശയത്തിലാകുന്നു. ഈ തിരിച്ചറിവിലാണ് പാര്‍ട്ടി സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അതില്‍ മന്ത്രിമാരുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പോയതും പാര്‍ട്ടി സെക്രട്ടറിയുടെ മാര്‍ഗനിര്‍ദേശം സ്വീകരിച്ചതും മന്ത്രിസഭയ്‌ക്കു മാത്രമല്ല, മുന്നണിക്കും മുഖ്യകക്ഷിക്കും നാണക്കേടാണ്.
മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാരില്‍ 70 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരാണ്. അതുകൊണ്ടുതന്നെ അവര്‍ പാര്‍ട്ടി ആസ്ഥാനത്ത് പോയത് ചട്ടവിരുദ്ധമാണ്. പാര്‍ട്ടി അറിയാതെ ഒരു മന്ത്രിയുടെ ഓഫീസിലും വകുപ്പിലും ഭരണ നിര്‍വഹണ നടപടിയുമുണ്ടാകില്ലെന്നല്ല, ഒരു ഫയലും അനങ്ങില്ല. എല്ലാം പാര്‍ട്ടി അറിയുന്നു. പക്ഷേ, പണ്ടത്തേപ്പോലെ ശ്രദ്ധയില്‍ പെടുത്തുന്നില്ല, തിരുത്തുന്നില്ല.
പാര്‍ട്ടി ഫ്രാക്ഷനില്‍, ജില്ലാക്കമ്മറ്റിയില്‍, അവിടെ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍, പിന്നെ സംസ്ഥാന കമ്മറ്റിയില്‍ എന്നിങ്ങനെ റിപ്പോര്‍ട്ടിങ്ങും ചര്‍ച്ചയും തീരുമാനവും തിരുത്തലും എന്ന സംവിധാനം പാര്‍ട്ടിക്ക് എക്കാലത്തും ഭരണ സംവിധാനത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും പേരിന് അതുണ്ട്; പ്രവര്‍ത്തനമില്ലെന്നുമാത്രം. ഇപ്പോഴെല്ലാം ഒറ്റയാള്‍ തീരുമാനിച്ചാല്‍ മതിയെന്നാണ് അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കും, പാര്‍ട്ടിയിലെ ഉന്നതരുള്‍പ്പെടെ മറ്റുള്ളവര്‍ അനുസരിക്കും.
സിപിഎമ്മിന്റെ ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ഘടന കൃത്യമായ ചട്ടക്കൂടുള്ളതായിരുന്നു. സിപിഎമ്മിന്റെ മാത്രമല്ല, ഘടക കക്ഷികളുടെയും മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ‘നിഴല്‍ മന്ത്രാലയം’ (ഷാഡോ മിനിസ്ട്രി) എകെജി സെന്ററില്‍ ഉണ്ടാകും. സ്വന്തം മന്ത്രിമാരുടെ മാത്രമല്ല, മറ്റു മന്ത്രിമാരുടെയുംവകുപ്പുകളിലെ ഓരോ നീക്കങ്ങളും അറിയാനും നിയന്ത്രിക്കാനുമായി വിദഗ്‌ദ്ധരും അടങ്ങുന്ന സമിതിയാണത്. അവര്‍ പറയുന്നതേ ആത്യന്തികമായി നടക്കൂ. അതായിരുന്നു പതിവ്. പക്ഷേ, മുഖ്യമന്ത്രിതന്നെ പാര്‍ട്ടി ഭരണവും നടത്തുന്ന ഇക്കാലത്ത് സംവിധാനങ്ങളൊക്കെ വെറും നിഴലായി മാറി.മുമ്പ് മൂന്നു ദിവസത്തില്‍ കുറയാതെ കൂടിയിരുന്ന പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി ഇപ്പോള്‍ ഒറ്റ ദിവസത്തില്‍ ഒതുങ്ങുന്നു. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം രണ്ടു ദിവസം അല്ലെങ്കില്‍ ഒരു പൂര്‍ണ ദിവസമായിരുന്നത് ഇപ്പോള്‍ പരമാവധി മൂന്നു മണിക്കൂറില്‍ കഴിയുന്നു. തുറന്ന ചര്‍ച്ചകള്‍ പോയിട്ട് ഗൗരവ ചര്‍ച്ചയേ ഇല്ല.വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയുമായി
രുന്നപ്പോള്‍ ഭരണ നിയന്ത്രണം എകെജി സെന്ററിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ എകെജി സെന്റര്‍ ഭരണനിയന്ത്രണ രംഗത്ത് ഇല്ലേയില്ല. ഭരണ സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ മാത്രമാണ് പാര്‍ട്ടി ആസ്ഥാനം. ഭരണവും പാര്‍ട്ടിയും ഒരേയൊരാളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
പാര്‍ട്ടി നേതാക്കള്‍ക്കും വിവിധ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കും മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും പ്രതിനിധികളുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ നടപടികള്‍ ഓരോന്നും കൃത്യമായറിയാം. ശരിതെറ്റുകള്‍ മനസിലാക്കുന്നുമുണ്ട്. പക്ഷേ, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും മുഖ്യമന്ത്രിക്ക് മുന്നില്‍ പിഴവുകളോ പോരായ്മകളോ പറയാന്‍ ധൈര്യം പോരാ. എല്ലാം പാര്‍ട്ടി അറിഞ്ഞുതന്നെയാണ്, പക്ഷേ തിരുത്തിക്കാനാവുന്നില്ല. അതിനു തുനിഞ്ഞാല്‍ സ്ഥാനങ്ങളില്‍ ശേഷിക്കില്ല. അതാണ് അനുഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: