ലണ്ടന്‍: ലെസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ജെയ്മി വാര്‍ഡിക്ക് പ്രീമിയര്‍ ലീഗിലെ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ട് പുരസ്കാരം. ഈ സീസണില്‍ 23 ഗോളുകള്‍ നേടിയാണ് വാര്‍ഡി ഗോളടിയില്‍ മുന്നിലെത്തിയത്.
മുപ്പത്തിമൂന്നുകാരനായ വാര്‍ഡിക്ക് പക്ഷെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ അവസാന മത്സരത്തില്‍ സ്കോര്‍ ചെയ്യാനായില്ല. മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഇതോടെ ചാമ്പ്യന്‍സ് ലീഗെന്ന അവരുടെ സ്വപ്നം തകര്‍ന്നു. അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലെസ്റ്റര്‍ അടുത്ത സീസണിലെ യൂറോപ്പ ലീഗില്‍ മത്സരിക്കും. അതേസമയം ലെസ്റ്ററിനെ തോല്‍പ്പിച്ചതോടെ പോയിന്റ് നിലിയില്‍ മൂന്നാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് അര്‍ഹത നേടി.
അവസാന മത്സരത്തില്‍ വൂള്‍വ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോയിന്റ് നിലയില്‍ നാലാം സ്ഥാനം നേടിയ ചെല്‍സിയും അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി.
ഈ സീസണിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗവ് പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്സണ് ലഭിച്ചു. ബേണ്‍ലിയുടെ ഗോള്‍ കീപ്പര്‍ നിക്ക് പോപ്പിനെ പിന്തള്ളിയാണ് എഡേഴ്സണ് ഈ പുരസ്കാരം നേടിയത്. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചു. സിറ്റിക്കാണ് പോയിന്റ് നിലിയില്‍ രണ്ടാം സ്ഥാനം. 38 മത്സരങ്ങളില്‍ 81 പോയിന്റ്.
നേരത്തെ കിരീടം ഉറപ്പിച്ച ലിവര്‍പൂള്‍ അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു. ഇതോടെ 38 മത്സരങ്ങളില്‍ 99 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: