കല്‍പ്പറ്റ:വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ (ഡി.ഡി.ഇ)കസേരയില്‍ സ്ഥിരമായി ആളില്ലാതായിട്ട് നാളെറെയായി. ഇപ്പോള്‍ നടക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ (എ.എ) ചുമതല ഭരണം. ഏഴ് മാസമായി കസേരകളി തുടങ്ങിയിട്ട്.
ഏഴ് മാസത്തിനിടക്ക് നാല് തവണ ഓഫീസര്‍മാരുടെ അധികാര കൈമാറ്റം നടന്നു. ഇപ്പോഴും ഓഫീസ് ഭരിക്കേണ്ട ഓഫീസര്‍ക്കാണ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇബ്രാഹിം തോണിക്കര ജനുവരിയില്‍ ലീവില്‍ പോയതിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഡിഡിഇയുടെ അധിക ചുമതല നല്കുകയുണ്ടായി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എറണാകുളം ഡിഡിഇ ആയി സ്ഥാനകയറ്റം ലഭിച്ചതോടെ ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും (ഡിഡിഇ,ഡിഇഒ) തസ്തികകള്‍ ഒഴിഞ്ഞ്കിടന്നു. അതിനിടെ രണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരെയും വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു. ചുമതല ഏറ്റെടുത്ത ഉടനെ സമീപ ജില്ലക്കാരിയായ ഡി.ഡി.ഇ അവധിയില്‍ പോയതിനാല്‍ ചുമതല അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന് കൈമാറി.
ഫലത്തില്‍ കടലാസില്‍ ഡി.ഡി.ഇ ഉണ്ട്, കസേരയിലില്ല. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസിലെ ഓഫീസറുടെ കസേര കളി ഇന്നും അവസാനിച്ചിട്ടില്ല. പാഠപുസ്തക വിതരണം, ഓണ്‍ലൈന്‍ ക്ലാസ് മോണിറ്ററിംഗ്, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ നിര്‍വ്വഹണം, പ്രധാനധ്യാപകരുടെ ജില്ലാതല അവലോകന യോഗങ്ങള്‍, കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണാവലോകനം, കൊറോണ ഡ്യൂട്ടിക്ക് ലിസ്റ്റ് തയ്യാറാക്കല്‍, അധ്യാപകജീവനക്കാരുടെ അപ്പീല്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കല്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, എല്‍എസ്എസ്,യുഎസ്എസ്,എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ ഫലങ്ങളുടെ അവലോകനം തുടങ്ങിയവ ജില്ലയില്‍ താളം തെറ്റികിടക്കുകയാണ്.
വിദ്യാഭ്യാസ പഠന വര്‍ഷാരംഭത്തില്‍ മുന്‍വര്‍ഷവും ഇതായിരുന്നു ജില്ലയിലെ അവസ്ഥ. അധ്യാപക സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഡിഡിഇയെ നിയമിക്കുകയായിരുന്നു. അധ്യയന വര്‍ഷാരംഭത്തില്‍ നടക്കേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ജില്ലയില്‍ നടക്കുന്നില്ല. വിജയശതമാനം കുറയാനുള്ള പ്രധാന കാരണമാണിത്.ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ അധിക ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് സാധാരണ നല്‍കാറുള്ളത്. എന്നാലിവിടെ നല്‍കിയിരിക്കുന്നത് ഓഫീസ് മേധാവിക്കാണ്. സമീപ ജില്ലക്കാരനായ ചുമതലക്കാരനും പലപ്പോഴും ലീവായതിനാല്‍ തൊട്ടടുത്ത കീഴുദ്യോഗസ്ഥന് ചുമതല നല്‍കും. ഈ ഓഫീസിലെ ചുമതല കൈമാറ്റം എന്നവസാനിക്കുമെന്നുറപ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: