തൃശൂര്‍: പ്ലസ് വണ്‍ പ്രവേശനം ലളിതമാക്കാന്‍ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി തൃശൂര്‍ ജില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വീടുകളില്‍ ഇരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രവേശന നടപടികള്‍ ആരംഭിക്കുന്ന ദിവസം മുതല്‍ ആപ്പിന്റെ സേവനം പ്ലേ സ്റ്റോറില്‍ ലഭ്യമാകും.
സംസ്ഥാനത്ത് ആദ്യമായാണ് പ്ലസ് വണ്‍ പ്രവേശനം നടപടികള്‍ക്കായി ഇത്തരം ഒരു ആപ്പ് തയ്യാറാക്കുന്നത്. നാഷണല്‍ സര്‍വീസ് സ്കീം അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ റസ്സല്‍ ഗോപിനാഥന് ആണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്കൂള്‍ സെര്‍ച്ച്, കോഴ്സ് സെര്‍ച്ച് ലോക്കല്‍ ബോഡി സെര്‍ച്ച് എന്നിവ എളുപ്പത്തില്‍ സാധ്യമാകും. ജില്ലയിലെ 168 സ്കൂളുകളിലാണ് ഏകജാലകം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍, കോഴ്സ് കോമ്പിനേഷനുകള്‍ എന്നിവ ഇതില്‍ നിന്നറിയാന്‍ സാധിക്കും. ഏതൊക്കെ സ്കൂളില്‍ ഏതൊക്കെ കോഴ്സുകള്‍ ലഭ്യമാണെന്ന വിവരങ്ങള്‍, സ്കൂളുകളുടെ വിവരങ്ങള്‍, സ്കൂള്‍ കോഡ് എന്നിവ ലഭിക്കാവുന്ന വിധത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്.
ഓരോന്നിനും വെവ്വേറെ ലിങ്ക് കണക്റ്റ് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരണം.അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടര്‍ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല. വിദ്യാര്‍ത്ഥി പഠിച്ച സ്കൂളില്‍ തന്നെ അദ്ധ്യാപകരുടെ കീഴില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്തുള്ള എച്ച് എസ്, എച്ച് എസ് എസ് സ്കൂളുകളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: