അടിമാലി: കാട്ടനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ആനക്കുളത്ത് നിര്‍മ്മിച്ച ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ നാശത്തിന്റെ വക്കിലെന്ന് ആക്ഷേപം.
2018ലായിരുന്നു ആനക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സംവിധാനമൊരുക്കിയത്. പില്ലറുകള്‍ താഴ്‌ത്തി ഇരുമ്പുവടം ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ ആനവേലി നാശത്തിന്റെ വക്കിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള ഭാഗത്ത് തുടര്‍ ജോലികള്‍ നടത്തിയിട്ടില്ല.
പലയിടത്തും ഫെന്‍സിങ് ലൈനുകള്‍ തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു പോയിട്ടുണ്ട്. ഉറപ്പ് നഷ്ടപ്പെട്ടതോടെ ഫെന്‍സിങ്ങിനിടയിലൂടെ നൂഴ്ന്ന് ആനകള്‍ ജനവാസമേഖലയിലേക്ക് കയറുന്നതായും നാട്ടുകാര്‍ പറയുന്നു. ആനക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായ കുറച്ച് ഭാഗത്ത് മാത്രമെ വനംവകുപ്പ് ആനവേലി തീര്‍ത്തിട്ടുള്ളു. നിര്‍മ്മിച്ചിട്ടുള്ള ആനവേലിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനൊപ്പം ശേഷിക്കുന്ന ഭാഗത്തേക്കു കൂടി വേലിയുടെ നിര്‍മ്മാണം നീട്ടണമെന്ന ആവശ്യവും പ്രദേശവാസികള്‍ക്കുണ്ട്. ജനവാസമേഖലയില്‍ പ്രവേശിക്കുന്ന കാട്ടാനകള്‍ വ്യാപകനാശമാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: