അടിമാലി: കൊറോണ വ്യാപന ഭീതിയില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ച വിദേശ ദമ്പതികളെ പോലീസ് ഇടപെട്ട് മോചിപ്പിച്ച് തിരിച്ചയച്ചു. മൂന്നാര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മാങ്കുളത്തിനടുത്തുവച്ചാണ് സ്കൂട്ടറിലെത്തിയ ഉക്രയിന് സ്വദേശികളായ ഉക്രയിന് സ്വദേശിയായ ഗബ്രിയേല്‍ (34) ചിലി സ്വദേശിനിയായ ലിയോണ(29) എന്നിവരെ നാട്ടുകാര്‍ തടഞ്ഞത്. ഇവര്‍ നാടുചുറ്റി കൊറോണ പരത്തുകയാണെന്നും ഇനിയും ഇവരെ സ്വതന്ത്രമായി വിഹരിയ്ക്കാന്‍ അനുവദിയ്ക്കില്ലന്നും പ്രഖ്യാപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
ഇരുവരെയും ക്വാറന്റൈന് സെന്റിറിലേയ്ക്ക് മാറ്റണമെന്ന് ജനപ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന ജനക്കൂട്ടവും പറ്റില്ലെന്ന് ദമ്പതികളും പറഞ്ഞു. പിന്നീട് മേലുദ്യോഗസ്ഥര്‍ ഇടപെട്ട് ഇവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി മടക്കുകയായിരുന്നു.
ആറ് മാസത്തിലധികമായി സംസ്ഥാനത്തുള്ളവരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ കാണുമ്പോള്‍ ആളുകള്‍ ആട്ടിയോടിക്കുകയാണ്. നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട് നാളുകളായെന്നും പട്ടിണിയും ആണെന്നും ഇവര്‍ പോലീസുകാരോട് പറഞ്ഞു. പണം നല്‍കാമെന്ന പറഞ്ഞാല്‍പ്പോലും ആരും ഭക്ഷ്യവസ്തുക്കള്‍ നല്കാന് തയ്യാറായില്ല. നിലവില്‍ സാമ്പത്തീക സ്ഥിതി മോശമായതിനാലാണ് ടെന്റടിച്ച് കഴിയാന്‍ തീരുമാനിച്ചത്. ഫോട്ടോ എടുത്ത് ഓണ്‍ലൈനില്‍ നല്കി വരുമാനം കണ്ടെത്താനാണ് എത്തിയതെന്നും ഇരുവരും പറഞ്ഞു.
ശനിയാഴ്ച്ച ഇവര്‍ അടിമാലിയ്ക്കടുത്ത് കൂമ്പന്‍പാറയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ടെന്റടിച്ച് താമസിയ്ക്കാന്‍ നീക്കം നടത്തിയിരുന്നു. സ്ഥലത്തെത്തിയ അടിമാലി പോലീസ് ലോഡ്ജില്‍ ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ഇവിടെ നിന്നും മുറിഒഴിവായശേഷമാണ് ഇവര്‍ രാവിലെ മാങ്കുളത്തിന് തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: