ന്യൂദല്‍ഹി: കൊറോണ വ്യാപന ഭീതിക്കിടെ നിയമസഭാ സമ്മേളനം ചേരാന്‍ പാടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജൂലൈ 31 മുതല്‍ സമ്മേളനം ചേരണമെന്ന് ഗെലോട്ട് വീണ്ടും ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായാണ് ഗെലോട്ട് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെലോട്ട് ഒരാഴ്ചയ്‌ക്കുള്ളില്‍ അയയ്‌ക്കുന്ന രണ്ടാമത്തെ ശുപാര്‍ശയാണിത്. സുപ്രീംകോടതി അന്തിമ നിലപാട് സ്വീകരിക്കാനിരിക്കെ ധൃതിപിടിച്ചുള്ള നടപടികള്‍ ആവശ്യമില്ലെന്ന നിയമോപദേശം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിനാല്‍ ഗെലോട്ട് ആദ്യം നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശുപാര്‍ശ നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് മുതലാണ് വിശദവാദം കേള്‍ക്കുന്നത്.
നേരത്തെ, സമ്മേളനം വിളിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ രാഷ്‌ട്രപതിയെ സമീപിക്കുമെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. രാഷ്‌ട്രപതി ഭവനിലേക്കു പോകാനും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ സമരം നടത്താനും തയാറാണെന്നു നിയമസഭാ കക്ഷി യോഗത്തില്‍ ഗെലോട്ട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: