തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ തയാറാക്കിയ സിസിടിവി അട്ടിമറിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. സര്‍ക്കാര്‍ പുറത്ത് വിട്ട ഉത്തരവ് അനുസരിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി കേടായി കിടന്നത് പത്തു ദിവസം.
മെയ് 12 ന് രാത്രിയിലുണ്ടായ ഇടിമിന്നലില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്നാണ് എന്‍ഐഎയെ ഹൗസകീപ്പിങ് വിഭാഗം അറിയിച്ചത്. എന്നാല്‍ ഇടിമിന്നലില്‍ കേടായ സ്വിച്ച് മെയ് 22 ന് തന്നെ മാറ്റി വച്ചുവെന്ന് സിസിടിവി സ്വിച്ച് നല്കിയ സെക്യുവിഷന്‍ ഉടമ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഏറ്റെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണ്. സര്‍വീസിന് ചെന്നൈയിലെ കമ്പനിയെ അറിയിച്ചെങ്കിലും ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ പ്രാദേശിക സഹായത്തിനായി സെക്യുവിഷനെ സമീപിക്കുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. തുടര്‍ന്ന് മെയ് 22 ന് 8 പോര്‍ട്ട് സ്വിച്ച് നല്കി. സ്വിച്ച് മാറ്റിവച്ചത് സെക്യൂവിഷനല്ല. ഹൗസ് കീപ്പിങ്ങിലെ ഇലക്ട്രോണിക്സ് വിഭാഗമാണെന്നും സന്തോഷ് പറഞ്ഞു. മെയ് 28, 29, 30 തീയതികളില്‍ സിസിടിവിയും മീഡിയ കണ്‍വെര്‍ട്ടറും സര്‍വീസ് ചെയ്യിച്ചെന്നും സന്തോഷ് പറഞ്ഞു.
സെക്യുവിഷന്‍ ഉടമ പറയുന്നതനുസരിച്ച് മെയ് 22 ന് സ്വിച്ച് നല്കി. സര്‍ക്കാര്‍ ഉത്തരവിലെ കത്തുകള്‍ പ്രകാരം സിസിടിവി കേടായ വിവരം മെയ് 13 ന് ഹൗസ്കീപ്പിങ് വിഭാഗം പൊതുഭരണ വകുപ്പിനെ അറിയിച്ചുണ്ട്. അതായത് 10 ദിവസം മാത്രമാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവികള്‍ കേടായി കിടന്നത്. എന്‍ഐഎ രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലില്‍ ദൃശ്യങ്ങള്‍ നശിച്ചുപോയി എന്നാണ് ഹൗസ്കീപ്പിങ് വിഭാഗം അറിയിച്ചത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം മനസിലാക്കിയ എന്‍ഐഎ ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള സെക്രട്ടേറിയേറ്റിലെ മുഴുവന്‍ ദൃശ്യങ്ങളും ആവശ്യപ്പെടുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ സിസിടിവികള്‍ നല്കാന് പ്രാപ്തിയുള്ള കമ്പനികള്‍ നിരവധിയുണ്ട്. എന്നിട്ടും അവയ്ക്കൊന്നും ടെന്‍ഡറില്‍ പങ്കെടുക്കാനാകാത്ത വിധം നിബന്ധനകളാണ് സര്‍ക്കാര്‍ വച്ചത്. സിസിടിവി വില്പനയില് ഒരു കോടിയുടെ വാര്‍ഷിക വരുമാനം ഉള്ള കമ്പനികള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്നു നിബന്ധന വെച്ചു. ഇതോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും പങ്കെടുക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയാണ് കടുത്ത നിബന്ധനകള്‍ വയ്ക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. പത്തു ദിവസത്തോളം സെക്രട്ടേറിയേറ്റിലെ സിസിടിവികള്‍ കേടായി കിടന്നുവെങ്കില്‍ അത് തന്നെ കടുത്ത സുരക്ഷാ വീഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: