കൊച്ചി: ഹൗ ഈസ് ദ ജോഷ്…ലോകത്തിനാകെ ചിരപരിചിതമായ രാഷ്ട്ര നേതാവിന്റെ ചോദ്യത്തിനു മുന്നില്‍ വിനായക് ആവേശഭരിതനായി. സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു മലയാളി വിദ്യാര്‍ഥി. എറണാകുളം സ്വദേശി വിനായക് എം. മാലിനെയാണ് ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചത്. മന് കി ബാത്ത് അഭിസംബോധനയുടെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ വിളി.
കഴിഞ്ഞ സിബിഎസ്സി പരീക്ഷയില്‍ 500ല്‍ 493 മാര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കുമാണ് വിനായക് നേടിയത്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസ് എന്നീ വിഷയങ്ങള്‍ക്കാണ് വിനായക് മുഴുവന്‍ മാര്‍ക്കും നേടിയത്.
എറണാകുളം തൊടുപുഴ മാലില്‍ വീട്ടില്‍ കൂലിപ്പണിക്കാരനായ മനോജിന്റെയും തങ്കയുടേയും മകനാണ് വിനായക്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. ഫലം വന്നപ്പോള്‍ സ്കൂളിലെ കൊമേഴ്സ് വിഭാഗത്തില്‍ ഒന്നാമന്. നേര്യമംഗലം ജവഹര്‍ നവോദയ സ്കൂളിലാണ് വിനായക് പഠിച്ചത്. അപ്രതിക്ഷീതമായാണ് പ്രധാനമന്ത്രിയുടെ വിളി എത്തിയത്. സംഭാഷണത്തിനിടെ വിനായകിനെ മോദി ദല്‍ഹിയിലേക്കും ക്ഷണിച്ചു. ഉപരിപഠനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടാനാണ് ആഗ്രഹമെന്ന് വിനായക് പറഞ്ഞു.
കായിക വിനോദങ്ങളില്‍ താല്പര്യമുണ്ടോ എന്ന് മോദി ചോദിച്ചു. ബാഡ്മിന്റണിലാണ് താല്പര്യമെന്നും മറുപടി നല്കി. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേരളവും തമിഴ്നാടും മാത്രമെന്നായിരുന്നു മറുപടി. മറ്റു വിനോദങ്ങള്‍ എന്തെല്ലാം എന്നു ചോദിച്ചപ്പോള്‍ വായനയെക്കുറിച്ച് പറഞ്ഞു. മറ്റു കുട്ടികള്‍ക്ക് എന്തെങ്കിലും സന്ദേശം നല്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കഠിനാധ്വാനവും കൃത്യമായ സമയ ക്രമീകരണവും വേണം എന്ന മറുപടിയാണ് വിനായക് നല്‍കിയത്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, രാജ്യസഭാ എംപി സുരേഷ്ഗോപി എന്നിവര്‍ ഫോണില്‍ വിളിച്ച് വിനായകിനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: