തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. പുലര്‍ച്ചെ നാലരയ്ക്കു തിരുവനന്തപുരത്ത് വസതിയില്‍ നിന്ന് കാറിലാണ് കടവന്ത്രയിലെ എന്‍ഐഎ ഓഫിസില്‍ ശിവശങ്കര്‍ എത്തിയത്. ഡ്രൈവര്‍ക്കും ഒരു സഹായിക്കും ഒപ്പമായിരുന്നു യാത്ര. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ശിവശങ്കറിനെ എന്‍ഐഎ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ ഐഎ ചോദ്യം ചെയ്യുന്നത്. അതിനാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം എല്ലാം നിരീക്ഷിക്കാന്‍ എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘവും കൊച്ചിയിലുണ്ട്. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ദല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് കൊച്ചിയിലെത്തിയത്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് ചോദിക്കുക. പ്രത്യേകം തയാറാക്കിയ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. അറസ്റ്റിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് എല്ലാം അറിയാം എന്നാണ് എന്‍ഐഎ കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഒന്‍പതു മണിക്കൂര്‍ നേരം കസ്റ്റസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്കിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചിയിലേക്കു വിളിച്ച് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: