ആധുനിക ഭാരതത്തിന്റെ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ പുതുചൈതന്യവും പുത്തനുണര്‍വും സന്നിവേശിപ്പിച്ച മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 5-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഭാരതീയ ചിന്താധാരകളിലും അതിന്റെ മഹത്തായ സംഭാവനകളിലും എന്നും അഭിമാനം കൊണ്ടിരുന്ന ശാസ്ത്രകാരനും ടെക്നോക്രാറ്റുമായിരുന്നു ഡോ. കലാം.
1920കളില്‍ പ്രൊഫ. അശുതോഷ് മുഖര്‍ജി (ബംഗാള്‍), എസ്.എന്‍. ബോസ്, മേഘനാഥ് സാഹ, ജെ.സി. ബോസ് എന്നിവരുടെയും സമാനമനസ്കരായ വ്യക്തികളുടെയും നേതൃത്വത്തിലുണ്ടായ ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും പുനരുദ്ധാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 21ന്റെ ആദ്യദശകത്തിലുമായി ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗക്ഷമതയുടെയും യഥാര്‍ത്ഥ സഞ്ജീവനം സംഭവിച്ചത് േഡാ. എ.പി.ജെ. അബ്ദുള്‍ കലാമെന്ന ഏക വ്യക്തിയിലൂടെയായിരുന്നു. 1940, ’50 കാലഘട്ടത്തില്‍ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിലെ വിജയകരമായ ദൗത്യങ്ങളിലൂടെ അനിഷേധ്യനായ സാങ്കേതിക വിദഗ്ധനെന്ന് അദ്ദേഹം സ്വയം തെളിയിച്ചു.
കേന്ദ്ര ശാസ്ത്രകാര്യ ഉപദേഷ്ടാവിന്റെ പദവിയില്‍ നിന്ന് രാജിവച്ച ശേഷം ബെംഗളൂരു ഐഐഎസ്സിയിലെ മുന്‍ പ്രൊഫസറായ കെ.ഐ. വാസുവുമായി അദ്ദേഹം നടത്തിയ സുദീര്‍ഘമായ ടെലിഫോണ്‍ സംഭാഷണം ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നു. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനുള്ള താല്പര്യം അന്ന് അദ്ദേഹം പ്രൊഫ. വാസുവിനെ അറിയിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും തന്റെ ദൗത്യത്തിന്റെ തുടക്കമെന്ന് ഊന്നിപ്പറയുകയും ചെയ്തു. 2015 ജൂലൈ 27ന് ഷില്ലോങ്ങില്‍ നിന്ന് അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ കേള്‍ക്കുമ്പോള്‍, 16 വര്‍ഷം മുമ്പ് ആരംഭിച്ച മഹദ് ദൗത്യം ഒരുവട്ടം പൂര്‍ത്തിയാക്കിയിരുന്നു.
ഡോ. എസ്. ചന്ദ്രശേഖര്‍, സി.വി. രാമന് തുടങ്ങിയ മഹാന്മാരായ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ജീവിതകഥകളുമായി കുട്ടികളെ പ്രചോദിപ്പിക്കുമ്പോഴും അന്യരാജ്യങ്ങളിലെ ശാസ്ത്രകാരന്മാരെ ഉയര്‍ത്തിക്കാട്ടാനും പ്രകീര്‍ത്തിക്കാനും ഒരു മടിയും അദ്ദേഹം കാണിച്ചില്ല. ലോകത്തെ ഓരോ ശാസ്ത്രജ്ഞരുടെയും സവിശേഷതകളുടെ വിവരണം അവര്‍ ഇപ്പോഴും നമുക്കൊപ്പം ജീവിക്കുന്നെന്ന പ്രതീതി കേള്വിക്കാരനില് ഉണര്‍ത്തുന്ന വിധത്തിലായിരുന്നു.
തോമസ് എഡിസന്റെ സഹനശക്തിയും കഠിനപ്രയത്നവും മാഡം ക്യൂറിയുടെ പ്രതിബദ്ധതയും അര്‍പ്പണബോധവുമെല്ലാം വിവരിക്കുമ്പോള്‍ കേള്‍വിക്കാരായ കുരുന്നുകളുടെ കണ്ണുകളില്‍ നിറയുന്ന കൗതുകവും അവരുടെ ശരീരഭാഷയുമെല്ലാം ഭാവിലോകത്തിന്റെ ആഗ്രഹാഭിലാഷങ്ങളുടെ തീവ്രമായ സൂചകങ്ങളായിരുന്നു.
2014ല്‍ ഒരു ദിവസം കൊച്ചി വിമാനത്താവളത്തിന്റെ വിഐപി ലോഞ്ചില്‍ ഒന്നിച്ചിരിക്കവെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, അങ്ങയുടെ കാലശേഷം സ്വന്തം ചിന്താഗതികളും സ്വപ്നങ്ങളും ആരു മുന്നോട്ടു കൊണ്ടുപോകും? ഡോ. കലാം എന്റെ നേരെ നോക്കി ഒന്നും മിണ്ടാതെ മന്ദഹസിച്ചു. താങ്കളില്‍ നിന്നുള്ള ഒരൊറ്റ ആഹ്വാനം മതി, ഈ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനായി അങ്ങ് നിര്‍ദ്ദേശിക്കുന്ന എന്തു കാര്യവും നിര്‍വഹിക്കാന്‍ യുവാക്കളും വിദ്യാര്‍ത്ഥികളും സജ്ജരാണെന്ന് ഞാന്‍ പറഞ്ഞു. അല്‍പംഗൗരവത്തിലായ കലാമിന്റെ മറുപടി, അതു ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു. തന്നെ കേള്‍ക്കുന്ന കുട്ടികള്‍ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി സമൂഹത്തെ നയിക്കുമെന്നും.
ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്ത ഡോ. കലാമിന് തന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ ഒരു സംഘടനയുടെയും വേദിയുടെയും ആവശ്യമുണ്ടായില്ല. ഇതളുകള്‍ അടരും മുമ്പേ പുഷ്പസുഗന്ധം പരത്തുന്ന മന്ദമാരുതനെപ്പോലെ തന്റെ സ്വപ്നങ്ങളും ചിന്തകളും ദശലക്ഷങ്ങള്‍ നെഞ്ചേറ്റുമെന്ന് അദ്ദേഹം കരുതിയിരുന്നതായി എനിക്കുറപ്പുണ്ട്.
ആത്മീയതയും ഭൗതികശാസ്ത്രവും സ്വന്തം ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കുകയും അത് ഒരു വലിയ സമൂഹത്തിലേക്ക് വിജയകരമായി പ്രസരിപ്പിക്കുകയും ചെയ്ത ഏക ആധുനിക ശാസ്ത്രജ്ഞനാണ് ഡോ. കലാം. ശാസ്ത്രവും ആത്മീയതയും പരസ്പര പൂരകങ്ങളാണെന്നും ശാസ്ത്രം അവസാനിക്കുന്നതോടെ ആത്മീയതക്കു തുടക്കമാകുമെന്നും അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുത്തു.
ബാരാമതിയില്‍ കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തിനൊപ്പം ഈ ലേഖകനും ഉണ്ടായിരുന്നു. അതിന് രണ്ടാഴ്ച മുമ്പ് കേരളത്തില്‍ നടന്ന മറ്റൊരു ചടങ്ങിലും ഒന്നിക്കാന്‍ ഭാഗ്യം കിട്ടി. ബാരാമതിയില്‍ വീണ്ടും കണ്ടുമുട്ടിയ എന്നോട് അദ്ദേഹം പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു, നല്ല കാര്യങ്ങള്‍ നടക്കുന്നിടത്തെല്ലാം നിങ്ങളുമുണ്ടല്ലോ… ആഹ്ലാദം കൊണ്ടും നിര്‍ലോഭം ചൊരിഞ്ഞുകിട്ടിയ ദൈവാനുഗ്രഹത്താലും വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍. പതിവുപോലെ, എത്ര പേര്‍ക്ക് രാഷ്ട്രീയക്കാരാകണമെന്ന് കുട്ടികളോട് ചോദ്യം. വളരെ കുറച്ചുപേര്‍ കൈ ഉയര്‍ത്തി. വിദ്യാഭ്യാസം നേടിയവരും നല്ലവരുമായ രാഷ്ട്രീയക്കാര്‍ കൂടുതലായി ഉണ്ടാകണമെന്നായിരുന്നു തുടര്‍ന്നുള്ള പ്രതികരണം. രാഷ്ട്രത്തെ നയിക്കാന്‍ സമസ്ത മേഖലകൡലും സകല കഴിവുകളുമുള്ള വിദ്യാര്‍ഥി സമൂഹമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്.
ഈ ലേഖകന്റെ പ്രവര്‍ത്തനരംഗം പിന്നീട് നാഗ്പൂരിലേക്ക് മാറ്റി. അവിടെ സ്ഥിതിചെയ്യുന്ന ഡോ. ഹെഡ്ഗേവാര്‍ സ്മൃതിമന്ദിരം സന്ദര്‍ശിക്കാന്‍ ഡോ. കലാമിനെ ക്ഷണിച്ചു. 2014 ജൂലൈ 29ന് ഈ ലോകത്തോടു വിടപറയുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പ് അദ്ദേഹം നാഗ്പൂരിലെ രേശംബാഗിലെത്തി. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. എന്റെ ജീവിതത്തിലെ ആഹ്ലാദനിര്‍ഭരമായ ദിനങ്ങളില്‍ ഒന്നായിരുന്നു അത്. ഡോ. ഹെഡ്ഗേവാര്‍ സ്മൃതിമണ്ഡപത്തെപ്പറ്റി അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറുടെ പാദാരവിന്ദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാനുള്ള അഭ്യര്‍ത്ഥന ഡോ. കലാം അത്യാദരവോടെ, കൂപ്പുകൈകളുമായി നിറവേറ്റി. പിന്നീട് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ, വ്യാസപീഠത്തിന്റെ മനോഹരമായ നിര്‍മിതിയെക്കുറിച്ചും രോശംബാഗിന്റെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
ഡോ. കലാമിന്റെ വേര്പാടിന് ഒരു മാസം മുമ്പ് ഒരേ വിമാനത്തില്‍ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാനും ഇടയായി. കലാമിന്റെ 84-ാം പിറന്നാള്‍ 2015 ഒക്ടോബര്‍ 15നാണെന്ന് അറിയാമായിരുന്നു. ദല്‍ഹിയില്‍ അതിബൃഹത്തായ ഒരാഘോഷ പരിപാടിയായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ അദ്ദേഹത്തിനടുത്ത് ചെന്ന് ഇരുന്നു. കണ്ടയുടന്‍ കുശലാന്വേഷണം. എവിടെപ്പോകുന്നെന്ന് ചോദ്യം. വരുന്ന ഒക്ടോബര്‍ 15 ന് ദല്‍ഹിയില്‍ ഉണ്ടാകണമെന്ന് ഞാന്‍ സ്നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. എന്തിനെന്ന് മറുചോദ്യം. അന്ന് അങ്ങയുടെ പിറന്നാളാണെന്നും ദല്‍ഹിയില്‍ ആഘോഷം നടത്തണമെന്നാണ് ആഗ്രഹമെന്നും മറുപടി നല്കി. ഉടന്‍ അടുത്ത ചോദ്യം, എന്തിനാണ് ദല്‍ഹിയില്‍. ഞാന്‍ പറഞ്ഞു, പിറന്നാള്‍ ദിനത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുകൂടി അങ്ങേയ്ക്ക് ആശംസയര്‍പ്പിക്കാന്‍ അവസരം ഒരുക്കണമെന്ന് ആഗ്രഹിക്കുന്നു. പുഞ്ചിരി തൂകി വീണ്ടും കലാമിന്റെ പ്രതികരണം, ”ജയകുമാര്‍, ഞാന്‍ അവിടെ ഉണ്ടാകില്ല, ഞാന്‍ അന്ന് ദല്‍ഹിയില്‍ നിന്ന് ഏറെ അകലെയായിരിക്കും.” സ്വന്തം വിധി മുന്‍കൂട്ടി കണ്ടപോലെയുള്ള വാക്കുകള്‍!
ആ ശൂന്യത ഇന്നും ഞാന്‍ അനുഭവിക്കുന്നു. ഈ ഭൗതിക ലോകത്ത് ഒരിക്കലും എത്താനാകാത്തവിധം അത്ര വേഗത്തില്‍ ഡോ. കലാം മാഞ്ഞുപോകുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല, പക്ഷേ അദ്ദേഹം പോയി, നമുക്ക് സ്വപ്നങ്ങള്‍ നല്‍കിക്കൊണ്ട്….
എ. ജയകുമാര്‍
(വിജ്ഞാന് ഭാരതി മുന്‍ സെക്രട്ടറി ജനറലാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: