ഹൈദരാബാദ്: കോണ്‍ഗ്രസിനും അധ്യക്ഷ സോണിയക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ ആഞ്ഞടിച്ച് മുന്പ്രധാനമ്രന്തി നരസിംഹ റാവുവിന്റെ കൊച്ചുമകന് എന്‍.വി. സുഭാഷ്. റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍, വെറും പേരിനു വേണ്ടിയുള്ള പരിപാടിയാണിത്. കോണ്‍ഗ്രസ് റാവുവിന്റെ സംഭാവനകളെ എന്നും അവഗണിക്കുകയായിരുന്നു, അദ്ദേഹത്തെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരുന്നത്. സുഭാഷ് തുറന്നടിച്ചു.
തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി(ടിപിസിസി) സോണിയയുടെയും രാഹുലിന്റെയും പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. റാവുവിനെപ്പറ്റി ആരോ തയ്യാറാക്കി നല്കിയ ഒരു തിരക്കഥ സോണിയയും രാഹുലും വായിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പേരിനു വേണ്ടി മാത്രമാണ് ഇത്. നരസിംഹറാവുവിന്റെ പാരമ്പര്യം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ക്ലേശം നിറഞ്ഞ കാലത്ത് പ്രധാനമന്ത്രിയായിരുന്ന, കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സംഭാവനകളെ കോണ്‍ഗ്രസ് അവഗണിച്ചു, അവഹേളിച്ചു.
അദ്ദേഹം തെക്കേയിന്ത്യയില്‍ നിന്നായിരുന്നതുകൊണ്ട്, നെഹ്റു കുടുംബത്തില്‍പെട്ടയാള്‍ അല്ലായിരുന്നതുകൊണ്ട്, അദ്ദേഹത്തെ അവഗണിക്കണമെന്നില്ല. പക്ഷെ കോണ്‍ഗ്രസ് അങ്ങനെയാണ് ചെയ്തത്. അദ്ദേഹം മണ്മറഞ്ഞ് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം അവര്‍ ആഘോഷിക്കുന്നത്. യുപിഎ കാലത്തു പോലും കോണ്‍ഗ്രസില്‍ നിന്ന് ഒരാളും അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിലോ ചരമ ദിനാചരണത്തിലോ പങ്കെടുത്തിട്ടില്ല. എന്തിനാണ് 16 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ജന്മദിനം കോണ്‍ഗ്രസ് ആഘോഷിക്കുന്നത്? ഇതിന് കോണ്‍ഗ്രസ് വിശദീകരണം നല്‍കണം. റാവു ദേശീയ നേതാവായിരുന്നു. ആഘോഷം ഇപ്പോഴും തെലങ്കാനയില്‍ മാ്രതമാണ്. അങ്ങനെ തെലങ്കാനയില്‍ മാത്രമായി ഒതുക്കിയതും കോണ്‍ഗ്രസിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. സുഭാഷ് തുടര്‍ന്നു.
റാവുവിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും പരിശ്രമങ്ങളെയും അംഗീകരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മന് കീ ബാത്തില്‍ പോലും മോദി റാവുവിനെ പരാമര്‍ശിച്ചിരുന്നു. ദല്‍ഹിയില്‍ റാവു സ്മാരകത്തിന് സ്ഥലം നല്‍കിയത് മോദി സര്‍ക്കാരാണ്. റാവുവിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് ഇറക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുഭാഷ് തുടര്‍ന്നു.
തന്റെ മുത്തച്ഛനോട് കോണ്‍ഗ്രസും സോണിയയും രാഹുലും കാട്ടുന്ന അവഹേളനത്തില്‍ മടുത്ത് ബിജെപിയില്‍ ചേര്‍ന്നയാളാണ് സുഭാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: