കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ 2019ല്‍ മുംബൈയില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറിന്റെ കേരളത്തിലെ വേരുകള്‍ തേടി എന്‍ഐഎ. ഇയാള്‍ക്ക് ബന്ധമുള്ള പെരുമ്പാവൂരിലെ മൂന്ന് പേര് എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
ഇയാളെ പിടികൂടിയെങ്കിലും സംഘത്തിലുള്ളവര്‍ ഇപ്പോഴും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. ഇത് കേരളത്തില്‍ ആര്‍ക്ക് നല്കുന്നു, ഇതില്‍ നിന്ന് ലഭിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്നത് അടക്കമുള്ള കാര്യങ്ങളിലെ തുമ്പ് തേടിയാണ് എന്‍ഐഎയുടെ അന്വേഷണം.
നിസാറിനൊപ്പമുള്ള സംഘം നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നിലുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായാണ് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നിസാര്‍ ബന്ധപ്പെട്ടിരുന്ന മൂന്ന് പേര് എന്‍ഐഎയുടെ നിരീക്ഷണ വലയത്തിലെത്തിയത്.
സ്വര്‍ണക്കടത്തിന് പിന്നില്‍ ഭീകരബന്ധം സംശയിക്കുന്ന അന്വേഷണ ഏജന്‍സി കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് നിസാര്‍ അലിയാറിനെ പിടികൂടിയത്. 2018-19 കാലയളവില്‍ 1000 കോടി മൂല്യമുള്ള 3,300 കിലോഗ്രാം സ്വര്‍ണമാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടത്തിയത്. ഇരുമ്പ് സ്ക്രാപ്പ് എന്ന പേരിലായിരുന്നു കടത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്ണക്കടത്താണിതെന്ന് ഡിആര്‍ഐ അറിയിച്ചിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം 2019ല്‍ കസ്റ്റംസ് പിടികൂടിയത് സ്വര്‍ണമടക്കം 67.35 കോടി രൂപയുടെ വസ്തുക്കള്‍. ഈ കേസുകളില്‍ 68 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. 2019ല്‍ പിടികൂടിയതില്‍ 67 ശതമാനവും സ്വര്‍ണമാണ്.
പന്ത്രണ്ട് മാസത്തിനിടെ 131 കിലോ സ്വര്‍ണമാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഈ സംഭവങ്ങളിലെ സമഗ്ര വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് എന്‍ഐഎ ശേഖരിച്ചിരുന്നു. ഇതിന് പിന്നിലുള്ള അന്താരാഷ്ട്ര ബന്ധങ്ങളും ഇവയുടെ പിന്നിലുള്ള ഭീകരബന്ധവുമാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: