ന്യൂദല്‍ഹി: കേരളത്തില്‍ വലിയതോതില്‍ ഐഎസ് ഭീകരരുടെ ശൃംഖലയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഐഎസ്, അല്‍ഖ്വയ്ദ എന്നിവയുടെ ഭീകര പ്രവര്‍ത്തനം നിരീക്ഷിക്കുന്ന, ഐക്യരാഷ്ട്രസഭയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26-ാം റിപ്പോര്‍ട്ടിലാണ് കേരളത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ടും പുറത്തുവന്നത്.
‘കേരളത്തിലും കര്‍ണാടകത്തിലുമായി 150നും 200നും ഇടയ്ക്ക് ഐഎസ് ഭീകരരുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്മര്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അല്‍ഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന മേഖലയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുള്ളതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ കാന്ധഹാര്‍, ഹെല്‍മണ്ട്, നിംറൂസ് എന്നിവിടങ്ങളിലെ താലിബാന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദ മേധാവി ഒസാമ മഹ്മൂദാണ്. ആസിം ഉമര്‍ കൊല്ലപ്പെട്ട ശേഷമാണ് മഹ്മൂദ് ആ ചുമതലയേറ്റത്. ഇയാളുടെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ അല്‍ഖ്വയ്ദ മേഖലയില്‍ വലിയ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 മെയ് 10ന് ആരംഭിച്ച, ഐഎസിന്റെ ഇന്ത്യന്‍ ഭീകരസംഘടനയായ ഹിന്ദ് വിലായത്തില്‍ ഇരുനൂറോളം ഭീകരരുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഡെയ്ഷ്, ഐഎസ്ഐഎല്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഐഎസ് കഴിഞ്ഞ മെയില്‍ ഇന്ത്യയില്‍ പുതിയ പ്രവിശ്യ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്ത സമയത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്, റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം ഭീകര സംഘടനകളുടെ താവളമാണെന്ന് ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരില്‍ നിന്ന് മുപ്പതോളം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എന്‍ഐഎ മുന്‍പ് കണ്ടെത്തിയിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബു സ്ഫോടനങ്ങളുമായി കേരളത്തിനും തമിഴ്നാടിനും ബന്ധമുണ്ടെന്ന സൂചനകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: