ന്യൂദല്‍ഹി : കാര്‍ഗിലില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ പാക് സൈന്യത്തിനെ തുരത്തിയതിന്റെ സമരണ പുതുക്കി രാജ്യം. കാര്‍ഗില്‍ വിജയത്തിന്റെ 21ാം വാര്‍ഷികം ഇന്ന്. കര- വ്യോമ സേന സംയുക്തമായി നടത്തിയ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യ കാര്‍ഗില്‍ തിരിച്ചുപിടിച്ച് വിജയക്കൊടി പറിച്ചത്.
പോരാട്ട വീര്യത്തിന്റെ സ്മരണ പുതുക്കി സൈനിക തലത്തില്‍ വാര്‍ഷിക പരിപാടികള്‍ ഇന്ന് അരങ്ങേറും. വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരവ് അര്‍പ്പിച്ച് ദല്‍ഹിയിലെ യുദ്ധ സ്മാരകത്തിലും മറ്റ് വിജയസ്മാരകങ്ങളിലും വിവിധ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിക്കും.
പാക്കിസ്ഥാന് സൈനിക മേധാവിയായി പര്‍വേസ് മുഷറഫ് സ്ഥാനം ഏറ്റെടുത്തത് മുതല്‍ ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് 1999 മെയ് 3 നാണ് കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാന് സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാക്കിസ്ഥാന് സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്ന് തിരിച്ചറിഞ്ഞത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.
14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് ഇന്ത്യ പാക് സൈന്യത്തെ അവിടെ നിന്നും പിഴുതെറിയുകയായിരുന്നു. രണ്ട് ലക്ഷത്തോളം സൈനികരെയാണ് ഇന്ത്യ യുദ്ധ മുഖത്ത് അണിനിരത്തിയത്. കാര്‍ഗില്‍ കൂടാതെ തന്ത്ര പ്രധാനമായ പല ഇന്ത്യന്‍ സ്ഥലങ്ങളും പാകിസ്ഥാന് സൈന്യം കയ്യേറിയിരുന്നു.
എന്നാല്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന് ന്യായീകരിച്ചിരുന്നത്. യുദ്ധത്തില്‍ മരിച്ച സൈനികരെ പിന്നീട് പാകിസ്ഥാന് രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീന്‍ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. അങ്ങനെ യുദ്ധത്തില്‍ നയതന്ത്രപരമായുള്ള മുന്‍തൂക്കവും ഭാരതത്തിന് ലഭിച്ചു. എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോള്‍ ഭാരതത്തിന് നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: