നീലാകാശത്തിലൂടെ ഒഴുകി നീങ്ങുന്ന വെണ്‍മേഘങ്ങളുടെ ഇടയില്‍ തലപൊക്കി നോക്കുന്ന അര്‍ക്കബിംബം. വീട്ടില്‍ വെറുതെയിരുന്ന് സമയം കളയാന്‍ തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാന്‍. ചില ദിവസങ്ങള്‍ പുതിയ തിരിച്ചറിവുകള്‍ നല്‍കുന്നവയാണ്.മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ചുറ്റിനും കൊറോണ ഭീതിയുള്ള കണ്ണുകളെയാണ് കാണാന്‍ സാധിച്ചത്.പലതും ആഗ്രഹിച്ച് നിരാശപ്പെടുന്ന മനുഷ്യമനസ്സിന്റെ വിങ്ങലുകളാണ് ഈ കൊറോണക്കാലത്ത് ചുറ്റിനും കാണുന്നത്.
വാക്കുകള്‍ വറ്റിപ്പോയ മൗനങ്ങളില്‍ പ്രതീക്ഷകള്‍ ബാക്കിയുണ്ടിപ്പോഴും. കണ്ണുകളുടെ ആഴങ്ങളില്‍ ഉറഞ്ഞ നീരിന്റെ ഗദ്ഗദവും.കാലം കരുതി വെച്ചത്, അത് എന്തായാലും എന്നായാലും നമ്മെ തേടി വരികതന്നെ ചെയ്യും. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ പേടിക്കരുത്.ഒരാഴ്ചത്തെ ബ്രേക്ക് കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മടങ്ങുമ്പോള്‍ ചെയ്തു തീര്‍ക്കുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
വെയിലും വെള്ളവും വളവും മനസ്സുമുണ്ടെങ്കില്‍ വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികള്‍ നമുക്കുണ്ടാക്കാം. ഗ്രോബാഗിലായാലും മണ്ണില്‍ നേരിട്ടായാലും. മണ്ണൊരുക്കാനും തൈകള്‍ നടാനും വെള്ളമൊഴിക്കാനും താല്‍പര്യം കാണിച്ചാല്‍ വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കാം.
ഇളവെയിലില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ചീരയും വെണ്ടയും നിറഞ്ഞ അടുക്കളമുറ്റത്ത് കരിങ്കോഴികള്‍ ചിക്കിപ്പറുക്കുന്നു.
വളപ്പിലെ ചെറിയ കുളത്തില്‍ കാരിമീന്‍ കുഞ്ഞുങ്ങളെ ഇട്ടിരുന്നു. അധിക പ്രാധാന്യം കൊടുക്കാതിരുന്നതിനാല്‍ വല്ലപ്പോഴുമായിരുന്നു തീറ്റയിട്ടു കൊടുത്തിരുന്നത്. മീനുകള്‍ മറവിയുടെ മഞ്ഞുപാളികളില്‍ ആണ്ടുപോകാന്‍ തുടങ്ങുമ്പോഴാണ് ഈ ലോക് ഡൗണ്‍ വന്നത്.
പറമ്പിലെ നനഞ്ഞ മണ്ണിനടിയില്‍ വിഹാരം നടത്തിയിരുന്ന ഞാഞ്ഞൂലുകളെ പിടിച്ച് കുപ്പിയിലാക്കി, ചൂണ്ടയില്‍ കോര്‍ത്ത് ചൂണ്ട നൂല്‍ മീന്‍ വളര്‍ത്തുന്ന ചെറിയ കുളത്തിലേക്ക് എറിഞ്ഞ് കാരി മീനുകളെ പിടിക്കലാണ് മകന്റെ പ്രധാന വിനോദം. മീന്‍ കുഞ്ഞുങ്ങളിപ്പോള്‍ വളര്‍ന്നിരിക്കുന്നു. വലിയ മീനുകളാണ് ചൂണ്ടയില്‍ കൊത്തുന്നത്.
കുട്ടികള്‍ സ്വയം പ്രാപ്തരാകാന്‍ പഠിച്ചിരിക്കുന്നു. ചീരയും പയറും നനച്ചും പറമ്പില്‍ വീഴുന്ന അടയ്‌ക്കകളും തേങ്ങകളും വാരിക്കൂട്ടിയും പഴുത്ത ചാമ്പക്കകള്‍ പറിച്ചും മാമ്പഴം കടിച്ചു തിന്നും കുട്ടികള്‍ ഒഴിവുകാലം ആസ്വദിക്കുന്നു.
കറുകപ്പുല്ലുകളും നിലംപരണ്ടയും കൈയുണ്യവും തഴച്ചുവളരുന്ന തൊടിയില്‍ പ്രതീക്ഷയുടെ കണികകള്‍ പോലെ ഏത്തവാഴക്കുലകളും പൂവമ്പഴക്കുലകളും.
തൊടിയിലെ മാവിന്‍ ചുവട്ടിലെ കരിയിലകളില്‍ മുട്ടുകുടിയന്‍ മാങ്ങ വീണു തുടങ്ങി. ഇതുകൊണ്ട് മാമ്പഴപുളിശ്ശേരി ഉണ്ടാക്കി വച്ചാല്‍ ഒരാഴ്ച ഇരിക്കും.
തൊടിയുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന വരിക്കപ്ലാവിന്റെ മുകളിലത്തെ ചില്ലയില്‍ തൂങ്ങിക്കിടക്കുന്ന ചക്കകള്‍. അത് വലിച്ചു താഴെയിട്ട് വെട്ടുകത്തി കൊണ്ട് നടുവെട്ടി കണ്ണന്‍ ചിരട്ടയുടെ മൂടുകൊണ്ട് ചക്ക വെളഞ്ഞി കുത്തിയെടുക്കുന്നതും ചുള പറിച്ച് ചക്കക്കുരു വേറൊരു പാത്രത്തിലാക്കി മാറ്റി വയ്‌ക്കുന്നതും ഭര്‍ത്താവിന്റെ അമ്മയാണ്. സ്‌നേഹത്തിന്റെ കുങ്കുമ രാശി പടര്‍ന്ന അഴകുള്ള ആ മുഖത്ത് ജീവിത യുദ്ധത്തില്‍ പുരണ്ട കറുപ്പു ചായത്തില്‍ വികൃതമായ പഴയ കാലങ്ങള്‍ മിന്നിമറയുന്നു.
ചക്കച്ചുള നുറുക്കി കഷണങ്ങളാക്കി കലത്തിലാക്കി മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് അടുപ്പത്ത് വയ്‌ക്കും. തേങ്ങ ചിരവിയതും പച്ചമുളകും വെളുത്തുള്ളിയും ജീരകവും കൂടി അരച്ച അരപ്പു ചേര്‍ത്ത് നന്നായി ഇളക്കി വെന്തുടയുമ്പോള്‍ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും ഉണക്കമുളകും കറിവേപ്പിലയും ചതച്ചിട്ട് വഴറ്റി വെന്ത ചക്കയിലേക്കിട്ട് നന്നായൊന്ന് ഇളക്കിമറിച്ചതിനു ശേഷം അടുപ്പില്‍ നിന്നും ഇറക്കിവയ്‌ക്കും. ഇപ്പോള്‍ വൈകുന്നേരത്തെ ചായയുടെ കൂടെ മിക്കപ്പോഴും ചക്കപ്പുഴുക്കാണ്. തട്ടുകട വിഭവങ്ങള്‍ക്കു പകരം പ്രകൃതി ഒരുക്കിയ വിഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്.
അടുക്കള മുറ്റത്ത് നിലംപറ്റി വളരുന്ന കൊടങ്ങലിന്റ ഇലയും പച്ചരി കുതിര്‍ത്തതും ചേര്‍ത്തരച്ച് ശര്‍ക്കര ചേര്‍ത്ത് കുറുക്കി കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കുടങ്ങലിനുണ്ട്. ഫ്രിഡ്ജിലെ തണുപ്പിച്ച വെള്ളത്തിനു പകരം നാരകത്തിന്റെ ഇലയും ഇഞ്ചിയും കാന്താരിയും ചതച്ചിട്ട മോരും വെള്ളമാണ് ഇപ്പോള്‍ പതിവാക്കിയിരിക്കുന്നത്.
വിഷുവിന് കണിയൊരുക്കാന്‍ നേരത്തേ പൂവിട്ട കണിക്കൊന്ന ഇപ്പോള്‍ മുറ്റത്ത് വിഷാദ മൂകയായി നില്‍ക്കുന്നു. കണ്ണൂര്‍ എഫ്എമ്മില്‍ നിന്നും ക്ലബ്ബ് എഫ്എമ്മില്‍ നിന്നും കൊറോണ ജാഗ്രതയെക്കുറിച്ച് അഭിമുഖം കൊടുക്കുമ്പോഴും എഴുത്തുകാരി എന്ന നിലയില്‍ ചാരിതാര്‍ത്ഥ്യം തോന്നി.
പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകളില്‍ തിളങ്ങി നില്‍ക്കുമ്പോഴും നേരിട്ട വിമര്‍ശനങ്ങളെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. കല്ലും മുള്ളുമുള്ള പാതകള്‍ ചവിട്ടി നടന്നാലേ എത്ര ബുദ്ധിമുട്ടുള്ള പടവുകളും വേഗത്തില്‍ താണ്ടിക്കയറാന്‍ കഴിയുകയുള്ളൂ.
എന്റെ വ്യക്തിത്വമാണ് എന്റെ മനസ്സ്. എന്റെ മനസ്സാണ് എന്റെ ധൈര്യം. എന്നിലെ വ്യക്തിത്വത്തില്‍ എനിക്ക് അഭിമാനം തോന്നുന്നിടത്തോളം വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യമില്ലല്ലോ.
കര്‍മങ്ങളിലെ നന്മയാണ് ജീവിതത്തിലെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രചോദനം. അനുകമ്പയും കരുണയുമുള്ള പെരുമാറ്റമാണ് ഒരു വ്യക്തിക്ക് വേണ്ടത്.
കുപ്പത്തൊട്ടിയില്‍ കഴിയുന്നവനും മണിമാളികയില്‍ കഴിയുന്നവനും മനുഷ്യനെന്ന പേര് വീഴുന്നത് നല്ല പെരുമാറ്റവും മാന്യമായ സ്വഭാവവും പ്രകടമാക്കുമ്പോഴാണ്.
സ്വന്തം വീട്ടുകാര്‍ വളരെയേറെ ഉള്‍ഭയത്തോടെയാണ് എന്റെ കൊറോണ വാര്‍ഡിലെ ഡൂട്ടി കണ്ടിരുന്നത്. അനിയത്തിമാര്‍ ഇനി എന്റെ വീട്ടിലേക്ക് സന്ദര്‍ശനത്തിനില്ല എന്നു വരെ പറഞ്ഞു.
അമ്മയും അച്ഛനും ഓരോ തവണ വിളിക്കുമ്പോഴും ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താക്കീത് തന്നു. എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് എല്ലാര്‍ക്കും ഉള്‍ഭയമാണ്.
എന്റെ ബന്ധുക്കളില്‍ ചിലരും ഈ ഡൂട്ടിക്കു പോയതെന്തിനാണെന്ന് ഉള്‍ക്കിടലത്തോടെ ചോദിച്ചു. എല്ലാവര്‍ക്കും കൊടുക്കാന്‍ എന്റെ കൈയില്‍ ഒരു മറുപടിയേയുള്ളു.
”എന്നായാലും നമ്മള്‍ മരിക്കും. സമൂഹത്തിനു വേണ്ടി, മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ കിട്ടുന്ന അവസരം. അത് വിനിയോഗിക്കണം. അതില്‍ എനിക്കഭിമാനമേയുള്ളൂ.”
എന്റെ കുട്ടികള്‍ക്ക് രോഗം വന്നാല്‍ ഞാന്‍ നോക്കില്ലേ? അതുപോലെയാണ് ഞാന്‍ ഇതിനെ കാണുന്നതും!
കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്ന 14 ദിവസം ജീവിതത്തില്‍ എന്നുമോര്‍ക്കാനുള്ള സന്ദര്‍ഭങ്ങളാണ് തന്നത്.
കൊറോണ ഐസൊലേഷന്‍ വാര്‍ഡിലേക്ക് ചെല്ലുമ്പോള്‍ത്തന്നെ പുറത്തു വച്ചിരിക്കുന്ന അണുനാശിനി ഉപയോഗിച്ച് കൈകഴുകും. എന്നിട്ട് മാസ്‌ക് ധരിക്കും. ഇട്ടിരിക്കുന്ന ഡ്രസ്സ് മാറ്റി കവറിലാക്കും. (ഇത് വാഷ് റൂമിന്റെ കബോര്‍ഡില്‍ ആണ് സൂക്ഷിക്കുന്നത്)
ആദ്യം പാന്റും ടോപ്പും (പച്ച അല്ലെങ്കില്‍ നീല) ധരിക്കും. എന്നിട്ട് ഒന്നുകൂടി ഹാന്‍ഡ് വാഷിങ് ചെയ്തിട്ടാണ് ഡ്രസ്സിന്റെ മുകളില്‍ പിപിഇ കിറ്റ് ധരിക്കുന്നത്. ഈ കിറ്റിട്ട് മാത്രമേ രോഗികളുടെ മുന്‍പില്‍ ചെല്ലുകയുള്ളൂ.
ഓരോ തവണയും പോസിറ്റീവായ പേഷ്യന്റിന്റെ അടുത്ത് പോകുന്നതിന് മുന്‍പ് വാഷ് റൂമില്‍ പുതിയ പിപിഇ കിറ്റ് കൊണ്ടുവയ്‌ക്കും. എന്നിട്ടാണ് പേഷ്യന്റ്‌സിന്റെ മുറിയില്‍ കയറുന്നത്.
മുറിയില്‍ നിന്നിറങ്ങിക്കഴിയുമ്പോള്‍ നേരെ ഡോഫിങ് റൂമില്‍ ചെന്ന് പിപിഇ കിറ്റ് അഴിച്ച് മഞ്ഞ കവറിലാക്കി വേസ്റ്റ് ബോക്‌സില്‍ ഇടും. എന്നിട്ട് വാഷ് റൂമില്‍ കയറി കൈ കഴുകി പുതിയ കിറ്റ് ധരിക്കും.
എന്‍-95 മാസ്‌ക് ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും മാറ്റും. ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ സ്റ്റാഫും ഡ്യൂട്ടി കഴിയുമ്പോള്‍ ഡോഫിങ് ഏരിയയില്‍ പോയി മഞ്ഞക്കവറില്‍ പിപിഇ കിറ്റ് ഇട്ടതിനുശേഷം വാഷ് റൂമില്‍ പോയി കുളിക്കും.
കുളിക്കാനുള്ള ലായനി, സോപ്പ്, തൂവാല എല്ലാം ഓരോ സ്റ്റാഫിനും വച്ചിട്ടുണ്ട്. ഞങ്ങള്‍ ഇട്ടിരിക്കുന്ന ആശുപത്രി വസ്ത്രം കഴുകാന്‍ വാഷ്‌റൂമിലെ വെയ്സ്റ്റ് ബിന്നില്‍ ഇടും. ഇത് ബ്ലീച്ച് ലായനിയില്‍ 20 മിനിറ്റ് മുക്കി വയ്‌ക്കും. എന്നിട്ട് വാഷിങ് മെഷീനില്‍ ലോഷനും പൊടികളുമിട്ട് അലക്കി വെയിലത്തിട്ട് ഉണക്കി തേച്ചെടുത്ത് ഡോണിങ് ഏരിയയില്‍ ഇതിനു വേണ്ടി ആശുപത്രി ജീവനക്കാര്‍ കൊണ്ടുവയ്‌ക്കും.
കുളി കഴിഞ്ഞ് മറ്റിടങ്ങളിലൂടെ പോകാതെ നേരെ ഐസോലേഷന്‍ വാര്‍ഡിന്റെ മുന്നിലെ റോഡിലൂടെയാണ് പുറത്തേക്കു പോകുന്നത്.
അത്രയ്‌ക്കും സ്റ്റെറിലൈസ് ആയിട്ടാണ് എല്ലാവരും ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. ഞാന്‍ ഡൂട്ടി കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ നേരെ പിറകുവശത്തുള്ള കുളിമുറിയില്‍ ചെല്ലും. അവിടെ വച്ചിരിക്കുന്ന ചൂടുവെള്ളത്തില്‍ ധരിച്ചിരിക്കുന്ന ഡ്രസ് മുക്കി വയ്‌ക്കും.
കുളിയും ചൂടുവെള്ളത്തിലാണ്. കുളി കഴിഞ്ഞിട്ടേ വീടിനകത്തേക്ക് പ്രവേശിക്കുകയുള്ളൂ. എല്ലാത്തിനും ഭര്‍ത്താവും കുട്ടികളുമാണ് താങ്ങായി നില്‍ക്കുന്നത്.
എന്നേക്കാള്‍ നന്നായി വളരെ സമര്‍പ്പണ മനോഭാവത്തോടെ ജോലി നോക്കുന്ന നേഴ്‌സുമാരാണ് കൂടെയുള്ളത്. രാപകല്‍ ഇതിനുവേണ്ടി ഉറക്കമൊഴിച്ചു ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍.
എഴുത്തുകാര്‍ക്ക് സമൂഹത്തോട് എന്നും പ്രതിബദ്ധത കൂടുതലായിരിക്കും. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍ഭയത്തോടെ കാണുന്ന കൊറോണ ഭീതിയകറ്റാന്‍ ഒരു പ്രചോദനം. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഭയമില്ലാതെ കൊറോണ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്യാന്‍ കഴിഞ്ഞതും ഈ അക്ഷരങ്ങള്‍ നല്‍കുന്ന വേറിട്ട കാഴ്ചപ്പാട് കൊണ്ടാകാം.
ദിവസവും ബസ്സിലും ട്രെയിനിലുമായി നാല് മണിക്കൂര്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് ഞാന്‍ ജോലിക്കു പോകുന്നത്. എഴുതുന്നതെല്ലാം ട്രെയിന്‍ യാത്രകള്‍ക്കിടയിലാണ്.
യാത്ര ഇഷ്ടപ്പെടുന്നതുകൊണ്ട് എനിക്കിത് വിഷമകരമായി അനുഭവപ്പെടാറില്ല. കാരണം ചെറിയ ചെറിയ കാര്യങ്ങളിലാണ് ഞാന്‍ കൂടുതല്‍ സന്തോഷം കണ്ടെത്തുന്നത്.
സ്‌നേഹമുള്ള ഹൃദയങ്ങളും വിശാലമായി ചിന്തിക്കുന്ന മനസ്സുകളുമാണ് കൂട്ടുകാരിലധികവും. സൗഹൃദം ഒരു തണലാണ്. നെഞ്ചില്‍ നെരിപ്പോട് കത്തുമ്പോള്‍ അണയ്‌ക്കാനുള്ള തണല്‍. സുഹൃത്തുക്കള്‍ തരുന്ന തണല്‍ വലുതാണ്.
കാണാതാകുമ്പോള്‍ വേവലാതിപ്പെട്ടു അന്വേഷിക്കുന്നവര്‍. ഇങ്ങനെ നന്മയുള്ള സൗഹൃദങ്ങള്‍ കിട്ടാനും സുകൃതം ചെയ്യണം.
ജീവിതം ജീവിച്ചു തീര്‍ക്കലല്ല, അത് അറിയലുകളുടെ, തിരയലുകളുടെ ഒരു യാത്രയാണ്. വീട്ടിലിരുന്ന് മനസ്സിന്റെ സഞ്ചാരമായ എഴുത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കാന്‍ ബാക്കിവച്ച നോവലുകള്‍ എഴുതാനും കൂടി വീണു കിട്ടിയ ഈ ദിനങ്ങള്‍ പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ ശ്രമിക്കുന്നു.
ഏകാഗ്രത കിട്ടിയാലേ എഴുത്തിന് പൂര്‍ണ്ണത കിട്ടുകയുള്ളൂ. രാവിലെയും രാത്രിയും പിന്നെ വീണു കിട്ടുന്ന സായാഹ്നങ്ങളിലുമായി ആറാമത്തെ നോവലിന്റെ പണിപ്പുരയില്‍ അക്ഷരങ്ങള്‍ കോറിയിടുന്നു.
എന്റെ മകളും ചിത്രരചനയില്‍ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം ചെലവഴിക്കാനും കിട്ടുന്ന സമയമാണിത്.
മറ്റുള്ളവര്‍ നമുക്കു വേണ്ടി എന്തു ചെയ്യുന്നു, നമ്മളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നു ചിന്തിച്ച് നാം സമയം കളയരുത്.
മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്താഗതിയെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തിന് ധന്യതയുണ്ടാകും.
മാര്‍ച്ചിലെ മുംബൈ യാത്രയും ഏപ്രില്‍ മെയ് മാസങ്ങളിലെ ലക്ഷദ്വീപ്, നേപ്പാള്‍ യാത്രകളും മാറ്റിവയ്‌ക്കേണ്ടി വന്നതിന്റെ നഷ്ടബോധമുണ്ടെങ്കിലും എഴുത്തും ജോലിയും യാത്രയും കുടുംബവും പിന്നെ സ്വല്‍പ്പം പാചകവും കൃഷിക്കാര്യങ്ങളുമായി ജീവിതം മുന്നോട്ടു പോകുമ്പോള്‍ മുറുകെ പിടിക്കാന്‍ ശുഭാപ്തി വിശ്വാസം ഒന്ന് മാത്രമാണുള്ളത്.
സന്ധ്യാ ജലേഷ്
(എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: