തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി സിനിമാരംഗത്തിനുള്ള ബന്ധം വെളിപ്പെടുന്നത് ആദ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദ് പല സിനിമകള്‍ക്കും പണം നല്‍കുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുമുണ്ട്.
സിനിമ നിര്‍മാണത്തിന് കള്ളക്കടത്ത് ഉപയോഗിക്കുന്നുണ്ടെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍ വെളിപ്പെടുത്തുകയും ചെയ്തു. സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധമുണ്ടാക്കി കള്ളക്കടത്ത് പണം ഇറക്കുകയായിരുന്നെന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളും സിനിമ മേഖലയില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറയുന്നു. ആഷിക് അബു സംവിധാനം ചെയ്ത സിനിമകള്‍ക്ക് പണം മുടക്കിയത് ഫൈസല്‍ ഫരീദ് ആണെന്ന് വാര്‍ത്ത വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റീമ കല്ലുങ്കല്‍ അഭിനയിച്ച തമിഴ് സിനിമയുടെ മറവില്‍ കള്ളപ്പണം ഇടപാടുകള്‍ നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു.
നടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായിരുന്ന ഫയാസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ മിസ് സൗത്ത് ഇന്ത്യയും ചെന്നൈ മോഡലുമായ ശ്രവ്യ സുധാകറിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് നടത്താന്‍ വേണ്ടി ഫയാസ്, ശ്രവ്യയ്ക്ക് പരിശീലനം നല്‍കിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി മൂന്നുവട്ടം ദുബൈ- കൊച്ചി എന്നിവിടങ്ങളില്‍ ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തി. വിമാനത്താവളത്തില്‍ വെച്ച് ശ്രവ്യയെ ഫയാസ് ഉന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പരിചയപ്പെടുത്തി. തുടര്‍ന്നു രണ്ട് എല്‍സിഡി ടിവികള്‍ ശ്രവ്യ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
സിനിമാ താരങ്ങളെ ഉപയോഗിച്ച് ഫയാസ് സ്വര്‍ണക്കടത്ത് നടക്കുന്നതായി നേരത്തെ തന്നെ സിബിഐക്കു വിവരം ലഭിച്ചിരുന്നു. നടി മൈഥിലി, ഇടവേളബാബു, ജ്യോതിര്‍മയി തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട നിരവധി പേരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: