കോട്ടയം: കെഎസ്ഇബിയുടെ വിവിധ കമ്മിറ്റികളില്‍ നിന്ന് ഭരണപക്ഷ അനുകൂലമല്ലാത്ത സംഘടനകളെ ഒഴിവാക്കുന്നു. ജില്ലാതലത്തിലുള്ള മെഡിക്കല്‍ ബോര്ഡുകളിലുള്പ്പെടെയുള്ള കമ്മിറ്റികളില്‍ നിന്നാണ് അംഗീകൃത സംഘടനകളെപ്പോലും ഒഴിവാക്കുന്നത്. വൈദ്യുതി മന്ത്രിയുടെ ഓഫീസിലുള്ള ചില പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന.
കോണ്‍ഗ്രസ് അനുകൂല ഓഫീസര്‍മാരുടെ സംഘടന കേരളാ പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന് ആയിരുന്നു. എന്നാല്‍ കേരളാ ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ എന്ന മറ്റൊരു സംഘടനയും ചില കോണ്‍ഗ്രസ്സ്-ഐഎന്‍ടിയുസി നേതാക്കള്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചു. ആദ്യത്തേതിനു മാത്രമേ എല്ലാ ജില്ലകളിലും മെഡിക്കല്‍ ബോര്‍ഡില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മറുപക്ഷം ആവശ്യമുന്നയിച്ചതനുസരിച്ച് അവരെ നാലു ജില്ലകളിലെ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ നിന്ന് ഫെഡറേഷന്റെ അംഗങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. രണ്ടുവിഭാഗത്തിനും എല്ലാ ജില്ലകളിലും പ്രാതിനിധ്യം നല്‍കാമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഫെഡറേഷന് 14 ജില്ലകളിലും പ്രതിനിധികളായി. എന്നാല്‍ കോണ്‍ഫെഡറേഷന്‍ പഴയസ്ഥിതി മതിയെന്ന നിലപാടിലാണ്.
കെഎസ്ഇബി ഓഫീസേഴ്സ് സംഘ് തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാല്‍ എംഎല്‍എ മുഖേന മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും നിവേദനം നല്‍കിയിരുന്നു. ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സംഘിന് പ്രാതിനിധ്യം നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം
ഇതുവരെ ഉണ്ടായിട്ടില്ല. മന്ത്രിയും ചെയര്‍മാനും ആവശ്യം പരിഗണിക്കാമെന്ന് ഭാരവാഹികളോട് പറഞ്ഞിരുന്നെങ്കിലും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട, ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് തടസ്സം നില്‍ക്കുന്നതെന്ന് അറിയുന്നു. വിവിധ കേന്ദ്ര പദ്ധതികളും കേന്ദ്രസഹായങ്ങളും സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ലഭിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ ഒഴിവാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് കെ എസ്ഇബി ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് യു.വി. സുരേഷും ജനറല്‍ സെക്രട്ടറി പ്രസാദ് പുത്തലത്തും പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡില്‍ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ സംഘടനയില്‍പ്പെട്ട അര്‍ഹരായവര്‍ക്കുപോലും സ്ഥലം മാറ്റം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. കാര്യകര്‍ത്താക്കള്‍ക്കുള്ള പരിരക്ഷയും ഇതുമൂലം ലഭിക്കുന്നില്ല. മെഡിക്കല്‍ ഗ്രൗണ്ടില്‍ സ്ഥലംമാറ്റത്തിനും മറ്റും അര്‍ഹരായവരെ ശുപാര്‍ശ ചെയ്യുന്നതിനാണ് ജില്ലാതലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. ഭരണ കക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തിലാണ് ബോര്‍ഡിന്റെ ഘടന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: