കണ്ണൂര്‍ : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്കും കൊറോണ ബാധിച്ചതായി കണ്ടെത്തല്‍. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19)ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.
പരിയാരം വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അമലിനും രോഗം ബാധിച്ചിട്ടുള്ളത് ആശുപത്രിയില്‍ നിന്നാകാം എന്നാണ് വിലയിരുത്തുന്നത്.
പാലക്കാടും ഒരു കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. ഇത് കൂടാതെ കാസര്‍കോട് സ്വദേശി നബീസയും(75) ശനിയാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണമടഞ്ഞു. അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടിലെത്തിയത്. ക്വാറന്റീന് കാലാവധി കഴിയുന്ന ദിവസമാണ് ഇവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മകന്റെ പരിശോധന ഫലം വന്നിട്ടില്ല.
കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയ്ക്കും കൊറോണ സ്ഥിരീകരിച്ചു. കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. മകളെ കൂട്ടുന്നതിനായി അധ്യാപിക തമിഴ്നാട്ടില്‍ പോയിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: