48. സര്‍വം അഹ്മം.
അടുത്ത 11 ശ്ലോകങ്ങളിലായി എല്ലാം ബ്രഹ്മം തന്നെയെന്ന് വിവരിക്കുന്നു.
ശ്ലോകം – 226
സദിദം പരമാദൈ്വതം
സ്വസ്മാദന്യസ്യ വസ്തുനോളഭാവാത്
നഹ്യന്യദസ്തി കിഞ്ചിത്
സമ്യക് പരമാര്‍ത്ഥ തത്ത്വബോധ ദശായാം
പരമാത്മതത്വത്തെ നന്നായറിയുന്ന വേളയില്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ലെന്ന് ബോധ്യമാകും. തന്നില്‍ നിന്ന് വേറിട്ട് ഒന്നുമില്ലാത്തതി
നാല്‍ സത്തും പരമവും അദൈ്വതവുമായ ബ്രഹ്മം മാത്രമേ ഉള്ളൂ. ആത്മസാക്ഷാത്കാരം നേടുമ്പോള്‍ താന്‍ അല്ലാതെ മറ്റൊന്നുമില്ലെന്ന് വ്യക്തമാവും. ശുദ്ധജ്ഞാനസ്വരൂപമായ സദ്‌വസ്തു പരമവും ഏകവുമാകും.അതില്‍ നിന്ന് വേറിട്ട് മറ്റൊന്നുമില്ല. ആത്മതത്വത്തെ അനുഭവമാകുമ്പോള്‍ അവിടെ അറിയുന്നയാളും അറിയുന്നവസ്തുവും അറിവും വേറെ വേറെയില്ല. എല്ലാം ഒന്ന് തന്നെയാകുന്നു. ആ സദ്‌വസ്തു മാത്രമേയുണ്ടാകൂ. ബ്രഹ്മത്തിന്റെ ഉയര്‍ന്ന നിലയില്‍ രണ്ടാമതൊരു വസ്തു ഉണ്ടാകാനിടയില്ല. ആ പരമപദപ്രാപ്തിയില്‍ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകളോ വിഷയങ്ങളോ ഇല്ല. അദൈ്വതമായ ആത്മാവ് മാത്രം. ഏകവും പരിപൂര്‍ണവുമായ ബ്രഹ്മം. അത് തന്നെയാണ് നമ്മുടെ യഥാര്‍ത്ഥ സ്വരൂപം.
ശ്ലോകം 227
യദിദം സകലം വിശ്വം
നാനാരൂപം പ്രതീതമജ്ഞാനാത്
തത് സര്‍വം ബ്രഹ്മൈവ
പ്രത്യസ്താശേഷഭാവനാ ദോഷം
അജ്ഞാനം മൂലം പല രൂപത്തില്‍ പ്രതിഭാസിക്കുന്ന ഈ ജഗത്ത്, കല്പനാദോഷങ്ങളൊന്നുമില്ലാത്ത ബ്രഹ്മം തന്നെയാണ്. പല പേരിലും രൂപത്തിലുമൊക്കെയായി ഈ ജഗത്ത് ഉണ്ടെന്ന് തോന്നുന്നത് അജ്ഞാനം കൊണ്ടാണ്. എല്ലാറ്റിനും അധിഷ്ഠാനമായ ബ്രഹ്മത്തെ ആവരണ രൂപമായ അജ്ഞാനം മറയ്‌ക്കുന്നു. അതിനാല്‍ ബ്രഹ്മത്തെ കാണാനാവില്ല. പകരം വിക്ഷേപ രൂപമായ ജഗത്തിന്റെ പ്രതീതി ഉണ്ടാവുകയും ചെയ്യും.
വാസ്തവത്തില്‍ കാണുന്നതെല്ലാം ബ്രഹ്മം തന്നെയാണ്. എല്ലാ ദൃശ്യങ്ങളും ചരാചരങ്ങളുള്‍പ്പടെ എല്ലാ വസ്തുക്കളും ബ്രഹ്മമാണ്. എല്ലാം ബ്രഹ്മമെന്നുള്ള സമ്യക് ദര്‍ശനത്തിന് തടസ്സമായിരിക്കുന്നത് ഭാവനാ ദോഷമാണ്. ഈ ദോഷം അഥവാ മനസ്സിന്റെ അജ്ഞാന കല്പന നിശ്ശേഷം നീങ്ങണം: അപ്പോള്‍ എല്ലാം ബ്രഹ്മമയമായി കാണാന്‍ കഴിയും. അജ്ഞാനം കൊണ്ടാണ് നാം പലതും കല്പിക്കുന്നത്. നമ്മുടെ കല്‍പ്പനകള്‍ കൊണ്ടുള്ള ദോഷമൊന്നും ബ്രഹ്മത്തെ ബാധിക്കുകയില്ല.
ശ്ലോകം 228
മൃത്കാര്യഭൂതോളപി മൃദോ ന ഭിന്നഃ
കുംഭോളസ്തി സര്‍വത്ര തു മൃത് സ്വരൂപാത്
ന കുംഭരൂപം പൃഥഗസ്തി കുംഭഃ
കൃതോ മൃഷാ കല്പിതനാമമാത്രഃ
മണ്ണില്‍ നിന്നുണ്ടാകുന്ന കുടം മണ്ണില്‍ നിന്ന് ഭിന്നമല്ല. കുടത്തിന്റെ സ്വരൂപം സര്‍വത്ര മണ്ണ് തന്നെയാണ്. മണ്ണല്ലാതെ കുടമെന്ന ഒന്ന് വേറെയില്ല. പിന്നെ കുടമെന്ന് പറയുന്നത് എന്താ? വെറുതേ ഇട്ട ഒരു പേര് മാത്രമാണ്. മണ്ണില്‍ നിന്ന് ഉണ്ടായതിനാലാണ് കുടത്തിനെ മൃത്കാര്യം എന്ന് പറഞ്ഞത്. കാരണം മണ്ണ് കാര്യം കുടം. മണ്‍പാത്രങ്ങള്‍ ഏത് തരത്തിലുള്ളതായാലും എല്ലാം മണ്ണ് തന്നെയാണ്.
അത് മണ്ണില്‍ നിന്ന് വേറിട്ടതല്ല. അതിന്റെ ആകൃതിക്കും ഉപയോഗത്തിനുമനുസരിച്ച് പല പേരുകള്‍ കണ്ടേക്കാം. കലം,ചട്ടി, കൂജ, കുടം, ലോട്ട എന്നിങ്ങനെയൊക്കെ. എല്ലാം മണ്ണ് തന്നെ, മണ്ണിന് രൂപ മാറ്റം വന്നെന്ന് മാത്രം. മണ്ണില്ലാതെ അവയ്‌ക്കൊന്നും നിലനില്‍പ്പില്ല. കാരണമായ മണ്ണിനെ നീക്കിയാല്‍ കാര്യമായ മണ്‍പാത്രമില്ല. പാത്രങ്ങള്‍ ഓരോന്നും ഉപയോഗിക്കുമ്പോള്‍ അത് മണ്ണ് മാത്രമാണെന്ന വസ്തുതയെ നാം മറന്ന് പോകുന്നു.
അതുപോലെ ബ്രഹ്മത്തില്‍ നിന്നുണ്ടായ ജഗത്ത് ബ്രഹ്മം തന്നെയാണ്. അത് വേറൊന്നാവാന്‍ തരമില്ല. എന്നാല്‍ ഈ ലോകവ്യവഹാരത്തില്‍ പെട്ട് പോകുമ്പോള്‍ സത്യം നമ്മള്‍ മറന്ന് പോകും. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജഗത്തിനെ കാണുമ്പോള്‍ അതിന് ആധാരമായ മാറ്റമില്ലാത്ത ബ്രഹ്മത്തെ അറിയാനാവുന്നില്ല. ബ്രഹ്മമാണ് ഇതെല്ലാമെന്ന യഥാര്‍ത്ഥ്യം മറന്നു പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക