സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന് എന്‍ഐഎ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. 2ശിവശങ്കറിലുമെത്തി. അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യലിനിടയില്‍ ഹൈദരബാദിലെ എന്‍ഐഎ ഉദ്യോഗസ്ഥനും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തത്രേ. എന്നുവച്ചാല്‍ പശ്ചിമഘട്ടവും കടന്ന് അന്വേഷണം. ശിവശങ്കറിനും കൂട്ടാളികള്‍ക്കും ഒവൈസിയുമായി എന്തെങ്കിലും ഇടപാടുകാണുമോ? കാത്തിരിക്കാം. കസ്റ്റംസ് 10 മണിക്കൂര്‍ വിസ്തരിച്ചതിന്റെ ബാക്കിയാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. എന്നിട്ടും തീര്‍ന്നില്ല. തിങ്കളാഴ്ച എന്‍ഐഎ ആസ്ഥാനത്തെത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ശിവശങ്കറിനെ ചോദ്യം ചെയ്യുക എന്നുവച്ചാല്‍ മുഖ്യമന്ത്രിയെ വിസ്തരിക്കുന്നതിന് തുല്യമാണ്. നാല് വര്‍ഷമായി പിണറായി വിജയന് ചിന്തിക്കുന്നതും ചിന്തിക്കാത്തതുമായ കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നല്ലൊ ശിവശങ്കര്‍. കള്ളിയങ്കാട്ട് നീലിയെ കുറിച്ച് പറയുന്നതുപോലെ ശിവശങ്കറിനെ ഭയന്നുകൊണ്ടാണ് മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം സെക്രട്ടേറിയറ്റില്‍ കഴിഞ്ഞത്.
ഏത് ഉദ്യോഗസ്ഥന് ഏത് വകുപ്പ് ഭരിക്കണമെന്ന് ശിവശങ്കര്‍ തീരുമാനിക്കും. ഏത് പദ്ധതിക്ക് ഏത് കണ്‍സള്‍ട്ടന്‍സി കമ്പനി വേണമെന്നും ശിവശങ്കര്‍ തീരുമാനിക്കും. അങ്ങനെ വന്ന കമ്പനികള്‍ പലതിനും ഇപ്പോള്‍ കഷ്ടകാലമാണ്. കഷ്ടകാലമായാല്‍ കല്ലു മഴ എന്ന സ്ഥിതിയിലാണല്ലൊ ശിവശങ്കറിന്റെ അവസ്ഥ. ശിവശങ്കറിനെ ഘടകകക്ഷി മന്ത്രിമാര്‍ക്ക് മാത്രമല്ല, സിപിഎം മന്ത്രിമാര്‍ക്ക് പോലും പേടിയായിരുന്നു. പറഞ്ഞിട്ടെന്ത് ഫലം. സ്ത്രീ വാക്ക് കേട്ടിട്ട് ശ്രീരാമനുപോലും അനര്‍ത്ഥമുണ്ടായതല്ലേ! സ്വപ്ന എന്നൊരു സ്ത്രീയുമായുള്ള അഗാധ ബന്ധം അനര്‍ത്ഥത്തിലാണെത്തിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റില്‍ ശിവശങ്കറും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമെല്ലാം ഇരിക്കുന്നിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം കസ്റ്റംസ് ആവശ്യപ്പെട്ടതാണ്. പക്ഷേ അനുകൂലമായ മറുപടിയല്ല ഉണ്ടായത്. എന്‍ഐഎയ്ക്ക് എവിടെയും അന്വേഷിക്കാമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടായിട്ടും രാജാവിനെക്കാള്‍ രാജ്യഭക്തി പ്രകടിപ്പിക്കുന്ന ഒരു അഡീഷണല്‍ സെക്രട്ടറി എന്‍ഐഎയോട് ‘പാര്‍ക്കലാം’ എന്ന മറുപടിയാണ് നല്‍കിയത്. രണ്ടര മണിക്കൂര്‍ ഇയാളെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് ഈ മറുപടി. പക്ഷേ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി അടിച്ചുപോയി, മിന്നലടിച്ചുപോയി എന്ന മറുപടിയും കിട്ടി.
സെക്രട്ടേറിയറ്റിലെ ചുവപ്പ് പരവതാനിയില്‍ സിഗരറ്റ് കുറ്റി വീണ് പുക വന്നാല്‍ പോലും തൊട്ടടുത്തുനിന്ന് അഗ്നിശമനസേന പറന്നെത്തും. അത്രയും ജാഗ്രതയാണ്. പക്ഷേ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മിന്നല്‍, സിസിടിവി ദൃശ്യങ്ങള്‍ നശിപ്പി(?)ച്ചിട്ടുപോലും ഫയര്‍ ഫോഴ്സിനെ വിളിച്ചില്ല. മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുമായില്ല. അങ്ങനെയൊരു മിന്നല്‍ വന്നതിന് ”മാധവരായരോ വേലുത്തമ്പി ദളവയോ” അറിഞ്ഞില്ല. രാവും പകലും മഴയും വെയിലുമെല്ലാം സഹിച്ച് സെക്രട്ടേറിയറ്റിന് പുറത്തും അകത്തുമായി നിലയുറപ്പിച്ച ഈ പ്രതിമകളുടെ നിറവും തലയെടുപ്പും നശിച്ചില്ല. ദൈവത്തിന്റെ സ്വന്തം നാടാകുമ്പോള്‍ മിന്നല്‍ ഒരു സിസിടിവിയെ മാത്രം ഉന്നം വയ്ക്കുമായിരിക്കും!
വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട എന്ന വാര്‍ത്തയറിഞ്ഞപ്പോഴാണ് തിരുവനന്തപുരം നഗരം അഗ്നിപര്‍വതത്തിന് മുകളിലെന്ന് ഒരു മന്ത്രി പറഞ്ഞത്. കോവിഡാണത്രേ മന്ത്രിയെക്കൊണ്ടത് പറയിച്ചത്. അന്ന് കോവിഡ് 19 ബാധ തിരുവനന്തപുരത്ത് 27 ആയിരുന്നു. ഇപ്പോഴതിന്റെ പത്തിരട്ടിയുണ്ട്. അഗ്നി പര്‍വതത്തിന്റെ സാന്നിധ്യം വിളിച്ചുപറഞ്ഞ മന്ത്രി പിന്നെ അധികമൊന്നും സംസാരിച്ചു കണ്ടില്ല. സ്വപ്നയുടെ സാമീപ്യം ഈ മന്ത്രിക്കുമുണ്ടെന്ന്, പ്രചരിക്കുന്ന ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
അന്വേഷണസംഘം സെക്രട്ടേറിയറ്റിലെത്തിയിട്ടും ഇ.പി.ജയരാജനെന്ന മന്ത്രിസഭയിലെ തൂക്കമുള്ള ജയരാജനെ മുഖ്യമന്ത്രിയെ പിന്തുണക്കുന്നുള്ളൂ. പലപ്പോഴും വാചാലമാകാറുള്ള മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ഉറക്കം തൂങ്ങുകയാണ്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന ന്യായമായിരിക്കാം ഇവര്‍ക്ക്. ഇതിനിടയിലാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഎം മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളെ എകെജി സെന്ററില്‍ വിളിച്ചുകൂട്ടി സാരോപദേശം നല്‍കിയത്. ജയരാജന് മന്ത്രിയുടെ ഒരു സ്റ്റാഫിന് ഈ യോഗത്തില്‍ പങ്കെടുക്കനായില്ല. ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് അഡീ. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ നീക്കി എന്നായിരുന്നു വാര്‍ത്ത.
മന്ത്രി ജയരാജന് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ പുറത്താക്കലിന് ഒരു ന്യായീകരണം നടത്തി. ഇയാളുടെ കാല് ഉളുക്കി. വരിഞ്ഞുകെട്ടി ചികിത്സയിലായിരുന്നു. രോഗിയായ ഒരാളെ ഒഴിവാക്കിക്കൂടെ എന്ന മറുചോദ്യവും മന്ത്രിയുടെ വക. അരുതാത്തത് ചെയ്താല്‍ രോഗം ആരോപിച്ച് പുറത്താക്കുന്നതില്‍ തെറ്റൊന്നുമില്ല. മന്ത്രിസഭയില്‍ നിന്നു തന്നെ പുറത്തായ സാഹചര്യം ഉള്ളപ്പോള്‍ പ്രത്യേകിച്ചും. കാലുളുക്കിയാല്‍ മുന്നോട്ടു നീങ്ങാന്‍ ബുദ്ധിമുട്ടാണല്ലൊ. നാവ് ഉളുക്കിയാല്‍ എന്തു ചെയ്യും. മറ്റ് മന്ത്രിമാരുടെ മൗനം നാവുളുക്കിയതുകൊണ്ടല്ല എന്ന് പറയാനൊക്കുമോ?
കൂട്ടുത്തരവാദിത്തം ഒരു മന്ത്രിസഭയ്ക്ക് അനിവാര്യമായത് അതുകൊണ്ടാണ്. സ്വന്തം പാര്‍ട്ടിയുടെയും ഘടകക്ഷികളുടെ മുന്നില്‍ പോലും മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ പറയുന്നവരെ കുറ്റപ്പെടുത്താനാകുമോ? നാവുളുക്കിയത് അതുകൊണ്ടാവില്ലേ?
സ്വര്‍ണക്കടത്തില്‍ ഇടത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം മിണ്ടിപ്പോകരുതെന്നാണ് ജയരാജന് മന്ത്രിയുടെ ഭീഷണി. ബിജെപിയും പ്രതിപക്ഷവുമാണ് സ്വര്‍ണക്കടത്തുകാര്‍ക്ക് കൂട്ട് എന്നു പറയാനും മന്ത്രിക്ക് മടിയില്ല. ഒരു ബിജെപിക്കാരനും സ്വര്‍ണക്കടത്തുകാരനെ ജയിലില്‍ ചെന്ന് കണ്ട് ആശ്വസിപ്പിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്തുകാരന്റെ ആഡംബര കാറില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ആസനം ഉറപ്പിച്ചപോലെ ഒരു ബിജെപി നേതാവും പെരുമാറിയിട്ടില്ല. ലോട്ടറി തട്ടിപ്പുകാരന്റെ പോക്കറ്റു തപ്പി കോടികള്‍ പാര്‍ട്ടിക്ക് സമാഹരിച്ച ചരിത്രവും സിപിഎമ്മിന് സ്വന്തമല്ലേ മന്ത്രീ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: