അഞ്ചല്‍: ഇടതുമുന്നണി ഭരിക്കുന്ന ഏരൂര്‍ ക്ഷീരോത്പാദക സഹകരണസംഘത്തിലെ വ്യാപക അഴിമതിയെത്തുടര്‍ന്ന് പാല്‍സംഭരണം നിര്‍ത്തി. 2019 ജൂലൈ 8ന് 64,000 രൂപയുടെയും സെപ്തംബറില്‍ 16,780 രൂപയുടെയും കുറവാണ് രജിസ്റ്ററില്‍ കാണുന്നത്. ഒക്ടോബര്‍ മൂന്നിന് കാലിത്തീറ്റ വില്‍പ്പന ഇനത്തില്‍ 85,726 രൂപയുടെ കുറവും നവംബര്‍ 30ന് 18,152 രൂപയുടെ കുറവും ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ പ്രാഥമിക അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
പാല് സംഭരണത്തിലും പണമിടപാടുകളിലും വന്‍ ക്രമക്കേടുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷീരകര്‍ഷകരുടെ പാല് സംഭരണത്തില്‍ നിന്നും പ്രാദേശിക വില്‍പ്പന കഴിഞ്ഞ് ബിഎംസിസിയിലേക്ക് അയയ്ക്കുന്ന സാംപിള്‍ പാല് ഉള്‍പ്പെടെ അളവില്‍ കൂടുതല്‍ ലഭിക്കുന്നതായാണ് രേഖകള്‍. മരിച്ചുപോയ കര്‍ഷകരുടെ പേരിലും സംഘവുമായി ബന്ധമില്ലാത്ത ആളുകളുടെ പേരിലും പര്‍ച്ചെയ്സ് രജിസ്റ്ററില്‍ അളവ് രേഖപ്പെടുത്തിയിരിക്കുന്നു.
പാലിന്റെ പ്രാദേശിക വില്‍പ്പനയിലും കാലിത്തീറ്റ വില്‍പ്പനയിലും വ്യാപക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. ഐഎസ്ഓ സര്ട്ടിഫിക്കേഷന് വേണ്ടി തെരഞ്ഞെടുക്കുകയും നടപടി പൂര്‍ത്തിയാക്കി സര്ട്ടിഫിക്കേഷന് ലഭിച്ച ബിഎംസിസിയുമായ ഏരൂര്‍ ക്ഷീരോത്പാദക സഹകരണസംഘത്തിലെ പാല് സംഭരണമാണ് കൊല്ലം ഡയറി അസിസ്റ്റന്റ് മാനേജര്‍ തടഞ്ഞിരിക്കുന്നത്. സിപിഐ-സിപിഎം കാലങ്ങളായി ഭരണം നടത്തുന്ന സംഘത്തിന്റെ അഴിമതി ഇടതുമുന്നണിയില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: