കൊല്ലം: തൃശൂര്‍ രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ പോലീസുകാരനെ സഹപ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് 10,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണമില്ല. കേസിലെ പ്രതികളും സിപിഎം അനുകൂല പോലീസ് അസോസിയേഷന് നേതാക്കളുമായ പോലീസുകാരെ സംരക്ഷിക്കാന്‍ അക്കാദമി അധികൃതരും പോലീസും ഒത്തുകളിക്കുന്നതായാണ് ആക്ഷേപം.
സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പോലീസുകാരനെ മര്‍ദ്ദിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ അക്കാദമി അധികൃതര്‍ നടപടിയെടുത്തിട്ടില്ല. കൊല്ലം തേവലക്കര നടുവിലക്കര അയ്യത്ത് വീട്ടില്‍ കൃഷ്ണപിള്ളയുടെ മകന് ശ്യാംകുമാറിനെ (27) ആണ് പോലീസ് അക്കാദമിയില്‍ വച്ച് സഹപ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇയാളുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടും കുറ്റക്കാരായ പോലീസുകാരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
അക്കാദമിയിലെ ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിങ് സെന്ററിലെ ഹവില്‍ദാറാണ് ശ്യാംകുമാര്‍. ജൂണ്‍ 27ന് രാത്രി 10.15നാണ് സംഭവം. ഹെഡ്ഫോണുമായി അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിലേക്കുള്ള വഴിയിലൂടെ നടക്കാനിറങ്ങിയ ശ്യാംകുമാറിനെ യാതൊരു പ്രകോപനവും കൂടാതെ തടഞ്ഞുനിര്‍ത്തി അക്കാദമിയിലെ ഹവില്‍ദാര്‍മാരായ പ്രദീപ്, പ്രശോഭ്, സതീഷ്, മനോജ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
പോലീസ് കാന്റീനടുത്തുള്ള ആലിന്റെ അരഭിത്തിയിലിരുന്ന് മദ്യപിക്കുകയായിരുന്നു നാലംഗസംഘം. ‘ഞങ്ങള്‍ അസോസിയേഷന്റെ ആള്‍ക്കാരാണെന്ന് അറിയില്ലേ’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അസഭ്യവര്‍ഷത്തോടെയായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ശ്യാംകുമാറിന്റെ കയ്യിലുണ്ടായിരുന്ന പേഴ്സ് തട്ടിപ്പറിച്ച് 10,000 രൂപ കവരുകയും ചെവിയിലുണ്ടായിരുന്ന 1,300 രൂപ വിലയുള്ള മൊബൈല്‍ ഹെഡ്സെറ്റ് വലിച്ച് പൊട്ടിക്കുകയും ചെയ്തു. പിറ്റേദിവസം മേലുദ്യോഗസ്ഥരെ സംഭവം അറിയിച്ചശേഷം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ശ്യാംകുമാര്‍ ചികിത്സ തേടി. പിന്നീട് 28ന് തന്നെ പോലീസ് അക്കാദമി അധികൃതര്‍ക്കും വിയ്യൂര്‍ പോലീസിലും പരാതി നല്‍കിയെങ്കിലും ഇതുവരെയും ശ്യാംകുമാറിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
ശ്യാംകുമാര്‍ പരാതി നല്കിയപ്പോള് സംഭവം ഒത്തുതീര്‍ക്കാനും പരാതി പിന്‍വലിപ്പിച്ച് പോലീസുകാരെ സംരക്ഷിക്കാനുമായിരുന്നു അക്കാദമി അധികൃതര്‍ ശ്രമിച്ചത്. ശ്യാംകുമാര്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചു. പ്രതികാര നടപടിയെന്നോണം ശ്യാംകുമാറിനെ തൃശൂരില്‍ നിന്ന് ഈ മാസം 9ന് അടൂര്‍ കെഎപി ബറ്റാലിയിനിലേക്ക് സ്ഥലം മാറ്റിയെന്നും ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: