തൃശൂര്‍: പ്രതിരോധത്തിനായി കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന എടിഎം മോഡല്‍ ഹൈടെക് മെഷീനറി സ്ഥാപിച്ചു. നഗരത്തിലെ രോധ ഇന്നവേഷന്‍ ഏന്റ് ടെക്നോളജിയാണ് 30,000 രൂപ വിലയുള്ള മെഷിനറി ഓഫീസിന്റെ കവാടത്തിന് സമീപത്തായി സ്ഥാപിച്ചത്. സെന്‍സര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഈ മെഷീനില്‍ കൈ കാണിച്ചാല്‍ സാനിറൈറസര്‍ കൈക്കുമ്പിളില്‍ വീഴും. 5 രൂപയുടെ നാണയം മെഷീനില്‍ നിക്ഷേപിച്ചാല്‍ ഒരു ത്രീ ലെയര്‍ മാസ്ക്ക് പുറത്തേയ്ക്ക് വരും.
മാസ്ക്കുകള്‍ ഉപയോഗത്തിനു ശേഷം സ്റ്റെറിലൈസ് ചെയ്യാനും സൗകര്യമുണ്ട്. മെഷീനിന്റെ മുന്‍വശത്ത് കൈ ഉയര്‍ത്തി പിടിച്ചാല്‍ താഴെയുള്ള പെട്ടിയുടെ മൂടി തുറക്കും. തുടര്‍ന്ന് ഉപയോഗിച്ച മാസ്ക്ക് അതില്‍ നിക്ഷേപിച്ചാല്‍ അള്‍ട്രാ വൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് അത് അണുനശീകരണം ചെയ്യും. പഴയ മാസ്ക്കുകള്‍ സംസ്ക്കരിക്കുന്നതിനായി അത് ശേഖരിക്കുന്നതിനും ഇതില്‍ സംവിധാനമുണ്ട്. 40 ലിറ്റര്‍ സാനിറൈറസര്‍ വരെ മെഷീനില്‍ ഒരേ സമയം നിറച്ചു വെക്കാന്‍ കഴിയും.
മാല്യങ്കര എസ്എന്‍എം ഐ.എം.ടി. എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ബി.ടെക്ക് ഡിഗ്രി പാസായ പി.എസ്.ദേവകിഷന്‍, പി.എസ്. പ്രണവ്, എ.അനൂപ്, പി.എ.അഖില്‍ എന്നീ നാല് യുവാക്കളാണ് മെഷീന് പിന്നില്‍. ഇതിനാവശ്യമാണ് പണം അവര്‍ തന്നെ സ്വരൂപിച്ച് നിര്‍മ്മാണം നടത്തി നഗരസഭയക്ക് സൗജന്യമായി നല്‍കുകയായിരുന്നു. നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്വ.വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് കെ.ആര്. ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: