മംഗലപുരം: അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ കൊറോണ രോഗം സ്വീകരിച്ച സാഹചര്യത്തില്‍ അടുത്തുള്ള വാര്‍ഡുകളില്‍ സ്രവപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ശ്രീപാദം വാര്‍ഡില്‍ മസ്‌കറ്റില്‍ നിന്നും വാഹനാപകടത്തില്‍ മരണപ്പെട്ട ആളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അടുത്ത ബന്ധുവായ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ അടുത്തുള്ള വാര്‍ഡില്‍ ഉള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും സ്രവ പരിശോധന നടത്താനോ സമ്പര്‍ക്കപട്ടിക എടുക്കാനോ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ തന്നെ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു ഭരണസമിതി മെമ്പര്‍മാര്‍ മരണചടങ്ങില്‍ പങ്കെടുത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നിട്ട് പോലും ജനപ്രതിനിധികളായ ഇവര്‍ ക്വാറന്റൈനില്‍ പോകാതെ പഞ്ചായത്തിലെ പരിപാടികളിലും മറ്റു വാര്‍ഡ് പരിപാടികളിലും പങ്കെടുക്കുന്നു.
പഞ്ചായത്ത് കമ്മറ്റികളില്‍ ബിജെപി കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നിര്‍ദേശിച്ചെങ്കിലും പഞ്ചായത്ത് സമിതി ഈ കാര്യങ്ങള്‍ ചെവികൊണ്ടിട്ടില്ല. പട്ടികജാതി കോളനികളെ പോലും അവഗണിച്ചാണ് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ. വിജയകുമാര്‍ ആരോപിച്ചു.
ധര്‍ണ ബിജെപി മണ്ഡലം പ്രസിഡന്റ് കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജേഷ് ബാബു, വിനോദ് പള്ളിപ്പുറം, കൃഷ്ണകുമാര്‍, പ്രമോദ്, വിജയന്‍ അശോക് കുമാര്‍, സുരേന്ദ്രന്‍, വിശാഖ് വിജയന്‍, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: