കാസര്‍കോട്: മദ്രസകളിലും, പള്ളികളുമായി ബന്ധപ്പെട്ടുള്ള മറ്റ് മതസ്ഥാപനങ്ങളിലും സാമൂഹിക-ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ പരിശോധിച്ച് മാത്രമേ നിയമനം നടത്താവൂയെന്ന നിര്‍ദ്ദേശത്തോടെ ബേക്കല്‍, ചീമേനി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുവിച്ച നോട്ടീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത് വിവാദത്തില്‍. ചില മുസ്ലിം സംഘടനകളില്‍ നിന്ന് ഭീഷണിയും നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് നോട്ടീസ് പിന്‍വലിച്ചത്.
മതസ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്താതിരുന്നാല്‍ അപാകത ഉണ്ടാകുന്നപക്ഷം നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് നോട്ടീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള ബേക്കല്‍, ചീമേനി പോലീസ് സ്റ്റേഷന് പരിധികളിലുള്ള മദ്രസ മാനേജുമെന്റുകള്‍ക്കായിരുന്നു കത്ത് നല്‍കിയത്. മദ്രസയ്ക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമാക്കിയിരുന്നു.
നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പോലീസ് സ്റ്റേഷന് ജിഡി ഇന്‍ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു. സ്കൂളുകളിലെ പീഡനങ്ങള്‍ നേരത്തെ സ്കൂള്‍ അധികൃതര്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണ് പതിവെന്നും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്രസ അധികൃതര്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നെന്നുമാണ് നേരത്തെ പോലീസ് നോട്ടീസിറക്കിയതിനെ ന്യായീകരിച്ചിരുന്നത്.
വംശീയ മുന്‍വിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പോലീസ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കില്‍ ആ വിവരം എത്രയും വേഗം സ്റ്റേഷനിലറിയിക്കണമെന്നും ബേക്കല്‍ പോലീസ് നല്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നല്കിയ നിര്‍ദ്ദേശം പിന്‍വലിച്ചതായി ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയും പറഞ്ഞു. നീലേശ്വരത്ത് 16 വയസ്സുകാരിയെ മദ്രസാ അധ്യാപകനായ പിതാവിന്റെ നേതൃത്വത്തില്‍ പീഡിപ്പിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് പോലീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: