ന്യൂദല്‍ഹി : ശ്വസനത്തിലൂടേയും സ്വരത്തിലൂടേയും കൊറോണ രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്ന സാങ്കേതിക വിദ്യയ്ക്കായി ഇന്ത്യയുമായി കൈകോര്‍ത്ത് ഇസ്രയേല്‍. രോഗം ആഗോള തലത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ വിവിധ രോഗ നിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായാണ് ഇസ്രയേല്‍ ഇന്ത്യയുമായി സഹകരിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഇസ്രയേലില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം ഉടന്‍ എത്തും. ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായി സഹകരിച്ചുകൊണ്ട് നാല് വ്യത്യസ്ത കൊവിഡ് രോഗനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.
ആദ്യത്തെ രണ്ട് സംവിധാനങ്ങള്‍ കൊറോണയുണ്ടെന്ന് സംശയിക്കപ്പെടുന്നയാളുടെ ഉമിനീര് ഉപയോഗിച്ചാണ് പരിശോധിക്കുക. മൂന്നാമത്തെ രോഗനിര്‍ണയ സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്(എഐ). കൊറോണ രോഗം മനുഷ്യന്റെ ശ്വാസകോശത്തെയാണ് ആക്രമിക്കുന്നതെന്നതുകൊണ്ട് ശ്വാസം വലിക്കുന്ന സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാകും. അതിനാല്‍ എഐ ഉപയോഗിച്ചകാണ്ട് രോഗസംശയിക്കപ്പെടുന്നയാളുടെ ശ്വാസഗതി അളക്കാനും അതുവഴി രോഗം കണ്ടെത്താനും സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇതിനായി സ്മാര്‍ട്ട്ഫോണ്‍ പോലും ഉപയോഗപ്പെടുത്താവുന്നതാണെന്നും ഇസ്രായേലി ശാസ്ത്രജ്ഞന്മാര് കണക്കുകൂട്ടുന്നു. നാലാമത്തെ സംവിധാനം രോഗം സംശയിക്കപ്പെടുന്നയാളുടെ ശ്വാസ സാംപിള്‍ ശേഖരിച്ചുകൊണ്ടാണ്. ഇയാളോട് ഡോക്ടര്‍മാര്‍ ഒരു കുഴലിലേക്ക് ശ്വസിക്കാനായി ആവശ്യപ്പെടും. ഈ സാംപിള്‍ ഒരു യന്ത്രത്തിലേക്ക് ഘടിപ്പിച്ച ശേഷം, റേഡിയോ തരംഗങ്ങളും ചില അല്‍ഗോരിതങ്ങളും ഉപയോഗിച്ചുകൊണ്ട് ശ്വാസത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഇന്ത്യയുടെ മുഖ്യ ശാസ്ത്രജ്ഞന് കെ. വിജയരാഘവന്, ഡിആര്‍ഡിഒ എന്നിവര്‍ ചേര്‍ന്നാണ് പരിശോധനാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്.
വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മരുന്നുകള്‍,മാസ്കുകള്‍ ഉള്‍പ്പെടെ നിരവധി പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ ഇസ്രായലിന് നല്‍കിയിരുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്ത്യ ഏറെ സഹായകമായിരുന്നുവെന്ന് ഇസ്രയേലും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: