നെടുങ്കണ്ടം: പ്ലേറ്റ് ആഭരണങ്ങള്‍ പകരം വെച്ച് 23 പവന്റെ സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു. ബാലഗ്രാം പാലമൂട്ടില്‍ പി.കെ. റെജിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്കില്‍ നിന്ന് എടുത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്.
റെജിയുടെ ഭാര്യ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ജൂലൈ 2, 8 ദിവസങ്ങളിലാണ് വീട് പൂട്ടിയ ശേഷം റെജി ആശുപത്രിയില്‍ കുടുംബസമേതം പോയത്. ഇന്നലെ അലമാരി തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയെന്നറിഞ്ഞത്. വീടിന്റെ മുന്‍വാതിലോ അടുക്കള വാതിലോ തുറന്ന് ആരും അകത്ത് കയറിയിട്ടുമില്ല. ആശുപത്രിയില്‍ പോയ സമയത്ത് ബെഡ് റൂമിലെ കിടക്കയുടെ അടിയിലാണ് അലമാരിയുടെ താക്കോല്‍ സൂക്ഷിച്ചത്.
ഈ താക്കോല്‍ എടുത്ത് അലമാരി തുറന്ന് 3 മാല, 1 ജോഡി കമ്മല്‍, 1 കാപ്പ്, 5 വളകള്‍, പാത്രത്തില്‍ സൂക്ഷിച്ചിരുന്ന തകിട് എന്നിവയാണ് കടത്തിയത്. സ്വര്‍ണം ഇടകലര്‍ത്തിയ ഒരു മാല അലമാരിയില്‍ നിന്നും എടുത്തിട്ടില്ല. മോഷണ വിവരം പുറത്ത് വരാതിരിക്കാന്‍ പ്ലേറ്റ് ആഭരണങ്ങള്‍ പകരം ബാഗില്‍ തിരുകി വെച്ചതില്‍ ദുരൂഹതയുണ്ട്. വീട്ടിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമാണ്. സ്വര്‍ണഭരണങ്ങള്‍ ജൂണ്‍ 18ന് ബാങ്കില്‍ നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചു. ബാഗിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാര്‍ പിന്നീട് പരിശോധിച്ചിരുന്നില്ല.
കഴിഞ്ഞ ജനുവരിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയ ബിജിയെ തുടര്‍ ചികിത്സക്കായാണ് ഈ മാസം 2, 8 തീയതികളില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ ശസ്ത്രക്രിയ നടന്ന സമയത്ത് ആശുപത്രി അധികൃതര്‍ കൈയില്‍ കിടന്ന 5 വളകള്‍ മുറിച്ച് മാറ്റിയ ശേഷം ബിജിക്കു തിരികെ നല്കി. ഈ വളകള്‍ അലമാരിയിലുണ്ട്. വാതിലുകള്‍ തുറക്കാതെ നടന്ന മോഷണം പോലീസിനെയും വെട്ടിലാക്കി. ജില്ല ഫിംഗര്‍ പ്രിന്റ് ബ്യൂറോ സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: