പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്. റാങ്ക് പട്ടികയില്‍ സിപിഎമ്മുകാരെയും അവരുടെ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റി. പിഎച്ച്ഡിയും മറ്റ് ഉന്നത യോഗ്യതയും ഉള്ളവരെ പൂര്‍ണമായും തഴഞ്ഞു.
മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക് ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട് മലയാളം ഹൈസ്കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്. ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.
2019 ഒക്ടോബര്‍ 30നാണ് വിജ്ഞാപനം വന്നത്. മൂന്നാം റാങ്കുകാരന് പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഉള്‍പ്പടെയുള്ള അധിക യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്കാന് കഴിയൂ. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലാത്ത ഇരുവര്‍ക്കും റാങ്ക് പട്ടികയില്‍ ആദ്യം എത്താന്‍ പിഎച്ച്ഡിയുടെ വെയിറ്റേജ് മാര്‍ക്ക് നല്കി. ഉന്നത യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തിന് മാര്‍ക്ക് കുറച്ച് നല്കി റാങ്ക് പട്ടികയില്‍ ഇവരെ വളരെ പിന്നിലാക്കി.
അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥിക്ക് അയാളുടെ വ്യക്തിത്വവും മറ്റും പരിഗണിച്ച് സുപ്രീം കോടതി വിധി പ്രകാരം 40 ശതമാനം മാര്‍ക്ക് നല്‍കണം. ഇവിടെ അതും പാലിച്ചില്ല. 60 മാര്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന യോഗ്യത അനുസരിച്ച് ലഭിക്കുന്നതാണ്.
15 മാര്‍ക്ക് പിഎച്ച്ഡിക്കും, അഞ്ച് മാര്‍ക്ക് എംഫില്‍, നെറ്റ്, എംഎഡ്, സെറ്റ് തുടങ്ങിയ അധിക യോഗ്യതയ്ക്കും. ഓരോ വര്‍ഷത്തെ അധ്യാപന പരിചയത്തിന് ഒരു മാര്‍ക്ക് വച്ച് പരമാവധി അഞ്ച് മാര്‍ക്കും, അഭിമുഖത്തിന് 15 മാര്‍ക്കും നല്‍കണം. പക്ഷേ ഇവയൊന്നും അഭിമുഖത്തില്‍ ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ല. ഉന്നത യോഗ്യതയുള്ളവരെല്ലാം റാങ്ക് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. പ്രായപരിധി കഴിയാന്‍ പോകുന്നവരെപ്പോലും പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: