പോത്തന്‍കോട്: ക്രഷറി യൂണിറ്റില്‍ തൊഴിലാളികളുടെ ശമ്പളത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. മാനേജ്മെന്റും തൊഴിലാളികളും ഏറ്റുമുട്ടി. വെമ്പായത്തെ കറ്റ ക്രഷറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നൂ സംഭവം. ആക്രമണത്തില്‍ വെമ്പായം സ്വദേശി ബിജു (53), കറ്റ സ്വദേശികളായ അനൂപ് (32), മനു (28), അജയന് (55), മദപുരം സ്വദേശി ശ്യാംകൃഷ്ണ (26), വെമ്പായം സ്വദേശി റിയാസ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ക്രഷറില്‍ രണ്ടാംഘട്ട ശമ്പളവിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുവാന്‍ കാരണം.
ലോക്ഡൗണ്‍ സമയത്ത് ക്രഷര്‍ അടച്ചിട്ടിരുന്നു. അതിനു മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നുമില്ല. പുതിയ മാനേജ്മെന്റ് ക്രഷര്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ലോക്ഡൗണിനു മുമ്പ് ജോലി ചെയ്ത ശമ്പളം തരണമെന്ന് പുതിയ മാനേജ്മെന്റിനോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ തര്‍ക്കമായി.
പിന്നീട് തൊഴിലാളികളും മാനേജ്മെന്റ് പ്രതിനിധികളും ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തുകയും 22 ദിവസത്തെ ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 15 ദിവസത്തെ ശമ്പളം കഴിഞ്ഞയാഴ്ച തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്നുള്ള ഏഴ് ദിവസത്തെ ശമ്പളം ബുധനാഴ്ച ഉച്ചയ്ക്ക് കൊടുക്കാമെന്ന് തൊഴിലാളികളോട് മാനേജ്മെന്റ് പറയുകയും ഇതനുസരിച്ച് തൊഴിലാളികള്‍ ക്രഷറില്‍ എത്തുകയും ചെയ്തു.
ശമ്പളം വാങ്ങാനെത്തിയ തൊഴിലാളികളില്‍ ചിലര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞതോടെയാണ് തര്‍ക്കം ഉണ്ടാകുന്നത്. വാക്കേറ്റത്തെ തുടര്‍ന്ന് മാനേജ്മെന്റ് ഭാഗത്തുനിന്നും വന്ന ആളുകളും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും ആളുകള്‍ക്ക് പരിക്കു പറ്റുകയും പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍വച്ചു ഇരുകൂട്ടരും തമ്മില്‍ വീണ്ടും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണസംഭവത്തില്‍ ഇരുകൂട്ടര്‍ക്കും എതിരെയും കേസെടുക്കുമെന്ന് വട്ടപ്പാറ സി ഐ ബിനുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: