കണ്ണൂര്‍: മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപില്‍ ആരംഭിക്കുന്ന തെയ്യം ക്രൂയിസ് എന്ന പദ്ധതിയില്‍ തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് തെയ്യം കോലധാരികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതവുമായി ഗാഢബന്ധം പുലര്‍ത്തുന്ന അനുഷ്ഠാനമായ തെയ്യത്തെ ടൂറിസ്റ്റുകള്‍ക്കു വേണ്ടി പൊതുവേദിയില്‍ അവതരിപ്പിക്കുന്ന സംവിധാനമാണ് തെക്കുമ്പാട് ഒരുങ്ങുന്നതെന്നും ജനങ്ങളുടെ വിശ്വാസത്തെയും പരമ്പരാഗതമായ ആചാരമര്യാദകളെയും അവഹേളിക്കാന്‍ ഇത് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.
തെയ്യം കെട്ടിയാടുന്ന കോലക്കാരും ആചാരസ്ഥാനികരും കാവധികാരികളും ഭക്തസമൂഹവുമെല്ലാമടങ്ങുന്ന ഒരു കൂട്ടായ്മയാണ് തെയ്യത്തെ പൂര്‍ണതയിലെത്തിക്കുന്നത്. ഒരു വേഷം കെട്ടിയതു കൊണ്ടുമാത്രം അത് തെയ്യമാവണമെന്നില്ല. അതുകൊണ്ടു തന്നെ തെയ്യത്തെ രംഗവേദിയിലോ പൊതുസ്ഥലങ്ങളിലോ അവതരിപ്പിക്കുന്നതിനെ തെയ്യത്തെ ഉള്‍ക്കൊള്ളുന്ന സമൂഹം ഒരിക്കലും പിന്തുണക്കുന്നില്ല.
തെയ്യത്തിന്റെ വേഷം കെട്ടി സ്റ്റേജില്‍ അവതരിപ്പിക്കുന്നതിന് പകരം വര്‍ഷംതോറും കളിയാട്ടങ്ങള്‍ നടക്കുന്ന നൂറുകണക്കിന് കാവുകളില്‍ ടൂറിസ്റ്റുകളെ എത്തിച്ച് തെയ്യത്തെ അതിന്റെ തനത് രൂപത്തില്‍ അനുഭവിച്ചറിയാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും ഇത് ജില്ലയുടെ സാംസ്‌കാരിക ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി.
തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തളിപ്പറമ്പില്‍ നടന്ന യോഗത്തില്‍ വിവിധ തെയ്യംകെട്ട് സമുദായ സംഘടനകളുടെ പ്രതിനിധികളായ സജീവന്‍ കുറുവാട്, വേണുഗോപാലന്‍ എം, സന്തോഷ് പെരുവണ്ണാന്‍ (ഉത്തര മലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി), എം.വി. പ്രകാശന്‍, ടി.വി. ഉത്തമന്‍ (ഉത്തരകേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി), പി. കൃഷ്ണന്‍ (ഉത്തരകേരള മലയ സമുദായോദ്ധാരണ സമിതി), ടി. രമേശന്‍, ടി. ലക്ഷ്മണന്‍ (പുലയ സമുദായ സംഘം), ജിഷിത്ത്. പി (വേലന്‍ സമുദായ സംഘം), സന്തോഷ് വെങ്ങര എന്നിവര്‍ സംബന്ധിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി ഇ.എം. ഹരി ഉദ്ഘടനം ചെയ്തു. പ്രശാന്ത്ബാബു കൈതപ്രം അദ്ധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ വെങ്ങര സ്വാഗതവും അഡ്വ. എ.പി. കണ്ണന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: