കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ജീവിത രീതികളില്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു. ഒറ്റ ദിവസം നൂറിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയില്‍ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഉണ്ടാകുന്ന വര്‍ദ്ധനവ് ഭീതിജനകമായ നിരക്കിലാണ്. ജില്ലയുടെ വടക്കന്‍ മേഖലകളില്‍ സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഞ്ച് ക്ലസ്റ്റര്‍ ഏരിയകള്‍ ജില്ലയില്‍ കണ്ടെത്തുകയും ഊര്‍ജ്ജിതമായ പ്രതിരോധ നടപടികള്‍ നടത്തിവരികയുമാണ്. കാസര്‍കോട് മാര്‍ക്കറ്റ്, ചെര്‍ക്കള ഫ്യൂണറല്‍, മംഗല്പാടി വാര്‍ഡ് മൂന്ന്, കുമ്പള മാര്‍ക്കറ്റ്, ഹൊസങ്കടി ലാബ് എന്നിവയാണ് ജില്ലയ്ക്കകത്ത് രുപം കൊണ്ട ക്ലസ്റ്ററുകള്‍.
രോഗവ്യാപനത്തോടൊപ്പം മരണ സാധ്യതയും കൂടുന്നു
കാസര്‍കോട്: അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഇപ്പോഴും ആള്ക്കാര് കര്‍ണ്ണാടകയിലേക്കും, തിരിച്ചും യാത്ര നടത്തുന്നു എന്നത് ജില്ലയുടെ ആരോഗ്യ സുസ്ഥിതിക്കുയര്‍ത്തുന്ന ഭീഷണി വലുതാണ്. ഇത്തരത്തില്‍ യാത്ര ചെയ്തെത്തിയവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവരില്‍ നിന്ന് കുടുംബങ്ങളിലേക്കും നാട്ടുകാരിലേക്കും രോഗപകര്‍ച്ച ഉണ്ടാവുകയും ചെയ്തു. ആരില്‍ നിന്നും രോഗപകര്‍ച്ചയുണ്ടാവാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്, രോഗവ്യാപനത്തോത് ഉയരുന്ന സാഹചര്യത്തില്‍ മരണനിരക്കും ഉയരാന്‍ സാദ്ധ്യത ഏറെയാണ. 21 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായെന്നത് വലിയ ആശങ്കയുണര്‍ത്തുന്നു.
ഉറവിടമറിയാത്ത 20 കേസുകള്‍: ജാഗ്രത കൈവിടരുത്
കാസര്‍കോട്: ഉറവിടമില്ലാത്ത ഇരുപതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വടക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ധിച്ചു വരുന്നുവെന്നത് ജീവിത രീതികളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ വീഴ്ചയായി കാണേണ്ടി വരും. മൂന്നാം ഘട്ട രോഗവ്യാപനം തുടങ്ങി 35 ദിവസത്തോളം സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പ്രതിരോധം തീര്‍ത്ത ജില്ലയാണ് നമ്മുടേത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ സമൂഹം അറിഞ്ഞോ അറിയാതെയോ വരുത്തിയ വീഴച്ചകള്‍ തന്നെയാണ് ഈ വ്യാപനത്തിന് കാരണമായി മാറിയത്. പൊതു ചടങ്ങുകള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിഷ്കര്‍ഷിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് ജില്ലയില്‍ സമ്പര്‍ക്ക കേസുകളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. മരണ വീട്ടില്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായിയെന്നത് ഇത് സൂചിപ്പിക്കുന്നു. മാര്‍ക്കറ്റുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പാലിക്കേണ്ട ശാരീരിക അകലം, ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവ ആളുകള്‍ ഗൗനിക്കുന്നില്ലെന്നതാണ് കാസര്‍കോട് മാര്‍ക്കറ്റ്, കുമ്പള മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്.
ജനങ്ങളുടെ സഹകരണം ആവശ്യം
കാസര്‍കോട്: ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയം നേടാന്‍ പറ്റുകയുള്ളൂ. ശാരീരിക അകലം പാലിക്കാനും, ശുചിത്വ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കനും എല്ലാവരും തയ്യാറാവണം, അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും കഴിയുന്നതും വീട്ടില്‍ തങ്ങാനും തയ്യാറാവണം. ആരാധനാലയങ്ങളിലെ ഒത്തുചേരലുകളിലും നല്ല ജാഗ്രതപുലര്‍ത്തണം. എല്ലാ പൊതു ചടങ്ങുകളും ഒഴിവാക്കാനും പരമാവധി ശ്രദ്ധിക്കണം. ജില്ലയുടെ ആരോഗ്യ സുസ്ഥിതിയെ തിരികെപ്പിടിക്കാന്‍ മുഴുവന്‍ ജനവിഭാങ്ങളും ആരോഗ്യ വകുപ്പുമായി സഹകരിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പച്ചക്കറി, പഴം, മത്സ്യ വാഹനങ്ങള്‍ സാധനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് കൈമാറണം
കാസര്‍കോട്: പച്ചക്കറി, പഴം, മത്സ്യം എന്നിവയുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റ് വാഹനങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റണം. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് വാഹനം കണ്ടുകെട്ടും. സാധനങ്ങളുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനം നല്‍കില്ല. ജില്ലാ അതിര്‍ത്തിയില്‍ പച്ചക്കറി വാഹനത്തില്‍ കയറ്റിറക്ക് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹാജരായി ആഴ്ചയിലൊരിക്കല്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്.
ദേശീയ പാതയോരങ്ങളിലെ ഹോട്ടല്‍, തട്ടുകടകള്‍ എന്നിവ രാവിലെ 8 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം
കാസര്‍കോട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിലെയും കാഞ്ഞങ്ങാട് കാസര്‍കോട് കെഎസ്ടിപി റോഡരികിലെയും ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി മാത്രമേ ഭക്ഷണം നല്കാവു. മറ്റ് കടകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ദേശീയ പാതയോട് തൊട്ടുകിടക്കുന്ന റോഡുകളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദിക്കും
കാസര്‍കോട്: കാസര്‍കോട് നിന്ന് കര്‍ണ്ണാടകയിലേക്ക് ദിവസേന പോയി വരുന്ന ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ സ്വകാര്യ വാഹനത്തില്‍ മാത്രം പോകണം. ഉപയോഗിക്കുന്ന വാഹനത്തിന്റെയും യാത്ര ചെയ്യുന്നവരുടെയും വിവരങ്ങളും ചെക്ക് പോസ്റ്റിലും ജില്ലാ ഭരണകൂടത്തിനും ലഭ്യമാക്കണം. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിലല്ല ഏര്‍പ്പെടുന്നതെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് വന്ന് ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ ജില്ലയിലെത്തി ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. അഞ്ചാം ദിവസം ഇവര്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം. ഫലം നെഗറ്റീവായവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിലല്ല ഏര്‍പ്പെടുന്നതെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്.
കര്‍ണ്ണാടക മെഡിക്കല്‍ എന്‍ട്രന്‍സ്: പരീക്ഷ എഴുതുന്നവര്‍ക്ക് പ്രത്യേക സജ്ജീകരണം
കാസര്‍കോട്: ജൂലൈ 30, 31 തിയ്യതികളില്‍ നടക്കുന്ന കര്‍ണ്ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് അനുവദിക്കും. അവിടെ നിന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഇവര്‍ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയമാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: