ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രം ഏറ്റെടുത്തത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം അംഗങ്ങള്‍ തമ്മില്‍ തെറി വിളിയിലും കൂട്ടത്തല്ലിന്റെ വക്കിലുമെത്തി. വിവാദങ്ങളുടെ കാരണക്കാരനായ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയെ പഞ്ചായത്തില്‍ കയറിയാല്‍ കയ്യേറ്റം ചെയ്യുമെന്ന സിപിഎം നേതാവായ അംഗത്തിന്റെ വെല്ലുവിളി കോവിഡ് പ്രതിരോധത്തിനിടയിലും പടിഞ്ഞാറെ കല്ലടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിനായി പഞ്ചായത്ത് സമിതി മൂന്ന് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് പഞ്ചായത്ത് അംഗങ്ങള്‍ അറിയാതെ എംഎല്‍എ പടിഞ്ഞാറെ കല്ലടയിലെത്തി നെല്‍പ്പുരക്കുന്ന് ഹയര്‍ സെക്കന്ററി സ്കൂള്‍ ഏറ്റെടുത്ത് പഞ്ചായത്തിലെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയാ വഴി ഇക്കാര്യം അറിഞ്ഞ സിപിഎം അംഗങ്ങള്‍ ക്ഷുഭിതരായി. കഴിഞ്ഞ ദിവസം അടിയന്തിരമായി പഞ്ചായത്ത് സമിതി ചേര്‍ന്നു. എംഎല്‍എയുടെ ധാര്‍ഷ്ട്യത്തിനെതിരെ പഞ്ചായത്ത് സമിതി പ്രക്ഷുബ്ദമായി.
ഏരിയാ ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ എന്‍.യശ്പാല്‍ ക്ഷോഭം മൂത്ത് അസഭ്യവര്‍ഷം നടത്തുകയായിരുന്നത്രേ. ഉച്ചത്തിലുള്ള ബഹളം കേട്ട് സമീപവാസികളും തടിച്ചു കൂടി. എംഎല്‍എയെ തരംതാണ ഭാഷയില്‍ അധിക്ഷേപിച്ച യശ്പാല്‍ അദേഹം പടിഞ്ഞാറെ കല്ലടയില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞു.
മറ്റ് എല്‍ഡിഎഫ് അംഗങ്ങളും യശ്പാലിനെ അനുകൂലിച്ച് രംഗത്തുവന്നു. ഇതോടെ പടിഞ്ഞാറെ കല്ലടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. അതേസമയം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവും അറിഞ്ഞാണ് നെല്‍പ്പുരക്കുന്ന് സ്കൂള്‍ കോവിഡ് കേന്ദ്രമാക്കി നിശ്ചയിച്ചതെന്ന് എംഎല്‍എ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: