തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു മാത്രമല്ല സ്വര്‍ണക്കടത്തിനെപ്പറ്റി ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പേരൂര്‍ക്കട പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി എന്‍ഐഎ ചോദ്യം ചെയ്യല്‍ ആരംഭിക്കുകയായിരുന്നു. അങ്ങനെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നു.
ഭീകരബന്ധമുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് കേസിലെ ഒന്നാം പ്രതി സരിത് എന്‍ഐഎയ്ക്ക് നല്കിയ മൊഴി. സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ച വിവരവും ശിവശങ്കറിന് അറിയാമായരുന്നു. ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്നയുടെ ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തിയിരുന്നുവെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്.
സരിത്തും സ്വപ്നയുമായുള്ള ശിവശങ്കറിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന് ഹെദര്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്തതെന്നും തെളിഞ്ഞു. സരിത്തുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന സംശയത്തിന് ബലം പകര്‍ന്നിരുന്നു.
ശിവശങ്കറിന് യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധവും സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ അനധികൃത നിയമനവും കള്ളക്കടത്ത് സംഘത്തിന് ഫ്ളാറ്റ് എടുത്തു നല്കിയതും അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയെങ്കിലും ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് എന്‍ഐഎ തെളിവെടുക്കുന്നതിന് തുല്യമാകും. കുറ്റകൃത്യം നടക്കുന്നത് ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിരവധി തവണ പ്രതികളെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലേക്ക് അന്വേഷണം എത്തുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: