തിരുവനന്തപുരം : ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ(പിഡബ്ല്യൂസി)കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് വിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഐടിവകുപ്പിന്റെ സ്പേസ് പാര്‍ക് പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നതെന്നു ചീഫ് സെക്രട്ടറിതല പ്രത്യേക അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി വഴി സ്പേസ് പാര്‍ക്കില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിന് മൂന്ന് തസ്തികകളാണ് കണ്ടുവെച്ചിരുന്നത്.
എന്നാല്‍ അതില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തിക മാത്രമാണ് കണ്‍സള്‍ട്ടന്‍സി നികത്തിയത്. മറ്റ് രണ്ട് തസ്തികകള്‍ കേരള സ്റ്റേറ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്ഐടിഎല്‍) വര്‍ക്ക് അറേഞ്ച്മെന്റ് വഴി നികത്തുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി ജോലി നോക്കവെ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്പേസ് പാര്‍ക്കിലെ സ്പെഷ്യല്‍ ഓഫീസറെ ജോലിക്കായി സ്വപ്ന സമീപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്വപ്നയുടെ നിയമനത്തില്‍ ശിവശങ്കറിന്റെ പങ്ക് സ്ഥിരീകരിക്കുന്നതിന് വേണ്ടി പിഡബ്ല്യുസിയോട് ചില ചോദ്യങ്ങള്‍ സമിതി ഉന്നയിച്ചെങ്കിലും അവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുമായി ശിവശങ്കറിനുള്ള ബന്ധം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വിളികള്‍ വിശദമായി പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറി സംസ്താന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ശിവശങ്കറിനെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുമ്പോള്‍ സമാന്തരമായി വകുപ്പുതല അന്വേഷണം നടത്തുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ തടസമില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൂടാതെ 36 തസ്തികകള്‍ സൃഷ്ടിച്ചത് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണം. ഇതുകൂടാതെ ഐ.ടി വകുപ്പിന് കീഴില്‍ പ്രത്യേക വിവിധോദ്ദേശ്യ പദ്ധതികള്‍ ആവിഷ്കരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: