തൃശൂര്‍: വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മാരിയമ്മന്‍ കോവിലിന്റെ മതില് പൊളിച്ചതോടെ തൃശൂര്‍ പട്ടാളം റോഡ് വികസനം പൂര്‍ത്തീകരണത്തിലേക്ക്. റോഡ് വീതി കൂട്ടാനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ മാരിയമ്മന്‍ കോവില്‍ അധികൃതരുമായി തൃശൂര്‍ കോര്പ്പറേഷന് നേരത്തെ ധാരണയിലെത്തിയിരുന്നു. സ്ഥലം വിട്ടു നല്‍കുന്നതിന് പകരമായുള്ള മൂന്ന് സെന്റ് സ്ഥലം ക്ഷേത്രത്തിന് സമീപം തന്നെ അനുവദിക്കാനും അത് സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. നടപടികളെല്ലാം പൂര്‍ത്തിയായതോടെയാണ് മാരിയമ്മന്‍ കോവിലിന്റെ മതില് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
മതില് പൊളിച്ച് നീക്കുന്ന സമയം റോഡില്‍ പോലീസ് നിലയുറപ്പിച്ച് വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നു. കോര്പ്പറേഷന് മേയര്‍ അജിതാ ജയരാജ്, ഡെപ്യൂട്ടി മേയര്‍ റാഫി.പി.ജോസ്,കൗണ്‍സിലര്‍മാര്‍, ക്ഷേത്രം ഭാരവാഹികളായ ബാബു, സെന്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പട്ടാളം റോഡ് വികസനത്തിന്റെ ആദ്യ പടിയായി പോസ്റ്റോഫീസ് പൊളിച്ച ഭാഗത്തെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും മുന്നിലെ അഴുക്ക് ചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസം മുമ്പ് തന്നെ കോര്പ്പറേഷന് പൂര്‍ത്തിയാക്കിയിരുന്നു. ക്ഷേത്രമതില്‍ നില്ക്കുന്ന ഭാഗം വരെയുള്ള അഴുക്കുചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയത്. അടുത്ത ദിവസം തന്നെ റോഡ് വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് കോര്പ്പറേഷന് തീരുമാനം. വര്‍ഷങ്ങളായി കാത്തിരുന്ന പട്ടാളം റോഡ് വികസനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
എം. ഒ റോഡില്‍ നിന്ന് ശക്തന് നഗറിലേക്ക് തിങ്ങി ഞെരുങ്ങി ഇറങ്ങിയിരുന്ന വാഹനയാത്രികര്‍ക്ക് വലിയ ആശ്വാസമാകും പട്ടാളം റോഡ് വികസനം. റോഡിന്റെ വീതികൂട്ടലിന് തടസമായി നിന്നിരുന്ന പഴയ പോസ്റ്റോഫീസ് കെട്ടിടം 2019 ജൂണ്‍ 6ന് പൊളിച്ച് നീക്കിയിരുന്നു. ഇവിടെയുണ്ടായിരുന്ന സെന്‍ട്രല്‍ പോസ്റ്റോഫീസ് കോര്പ്പറേഷന് ബില്ഡിംഗിങ്ങിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നു. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് മാരിയമ്മന്‍ ക്ഷേത്രഭാരവാഹികളുമായി ധാരണയിലെത്താന്‍ വൈകിയതാണ് റോഡ് വികസനം വൈകാന്‍ കാരണമെന്ന് കോര്പ്പറേഷന് ഭരണനേതൃത്വത്തിന്റെ വാദം. എന്നാല്‍ സ്ഥലം വിട്ടുനല്‍കാന്‍ മാരിയമ്മന്‍ ക്ഷേത്ര ഭാരവാഹികളുമായി ധാരണയിലെത്തിയിട്ടും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് വരെ റോഡ് വികസനം വെച്ച് താമസിപ്പിക്കുകയായിരുന്നു കോര്പ്പറേഷന് ഭരണ നേതൃത്വമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: