കണ്ണൂർ: ഏച്ചൂർ മാവിലാച്ചാലിൽ കെ. സിനോജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ അയൽവാസി പടയമ്പേത്ത് സന്തോഷിനെ (35) കണ്ണൂർ ടൗൺ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു. ജൂൺ 21ന് രാത്രി പത്തോടെയാണ് സംഭവം.
സന്തോഷിന്റെ വീട്ടിനു മുന്നിൽ സിനോജും സംഘവും പന്തൽകെട്ടി മദ്യപിക്കുന്നത് ചോദ്യം ചെയ്യുകയും പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതിലുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു. രാത്രി സിനോജ് വരുന്നതുകണ്ട സന്തോഷ് തടഞ്ഞു ചോദ്യം ചെയ്തതിനിടെ വാക്കേറ്റമുണ്ടായി. ഇതിനിടെ സന്തോഷ് സിനോജിന്റെ കഴുത്തുഞെരിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സന്തോഷിനെ മർദ്ദിച്ച് കുറ്റസമ്മതം നടത്തിച്ചതാണെന്ന് പറഞ്ഞ് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 22 നാണ് ഏച്ചൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിൽ സിനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായി ഒന്നും കാണാത്തതിനെ തുടർന്ന് കുഴഞ്ഞു വീണതായിരിക്കാമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മരണം സ്വാഭാവികമല്ലെന്ന് വെളിപ്പെടുകയായിരുന്നു.
കഴുത്തിനുണ്ടായ ആഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തുടർന്നാണ് ചക്കരക്കല്ല് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യദിവസം മൃതദേഹത്തിനടുത്ത് ഇല്ലാതിരുന്ന ബൈക്കിന്റെ താക്കോൽ രണ്ടാം നാളിൽ കണ്ടതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, ചക്കരക്കൽ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സിനോജിന്റെ കൈയിൽ നിന്നും കിട്ടിയ തലമുടി അന്വേഷണത്തിൽ നിർണായക തെളിവായി. സംശയിക്കുന്ന ചിലരുടെ തലമുടികളുടെ സാമ്പിളെടുത്ത് അന്വേഷണസംഘം പരിശോധനയ്‌ക്ക് അയച്ചിരുന്നു. സിനോജിന്റെ വിരലുകൾക്കിടയിൽ നിന്നും കണ്ടെത്തിയത് സന്തോഷിന്റെ മുടിനാരാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: