തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ചില്ലെന്നപേരില് കീം പരീക്ഷയ്ക്ക് വിദ്യര്‍ഥികളെ കൊണ്ടുവന്ന രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി. കേസെടുക്കാനുള്ള കേരള പൊലീസിന്റെ തീരുമാനം അപലപനീയം. രക്ഷിതാക്കള്‍ക്കെതിരെയല്ല സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചിട്ടും നിര്‍ബന്ധബുദ്ധിയോടെ കേരളത്തില്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടത്. സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതിയെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്. പരീക്ഷ മാറ്റിവെക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കള്‍. സര്‍ക്കാര്‍ 80,000 വിദ്യര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചതെന്നും സ്വര്‍ണ കള്ളക്കടത്തില്‍ നിന്നും വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ മനപൂര്‍വ്വം ജനദ്രോഹ നടപടികള്‍ സ്വീകരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: