കൊട്ടാരക്കര: 2010 സെപ്തംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാനവാര്‍ത്ത ഇതായിരുന്നു ”പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ഥികള്‍ അപകടം ഒഴിവാക്കി.” അതിന് നേതൃത്വം നല്‍കിയത് ഇന്നലെ അവയവദാനത്തിലൂടെ ചരിത്രം രചിച്ച അനുജിത്തായിരുന്നു.
അന്ന് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ഥിയായിരുന്നു എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തില്‍ അനുജിത്ത്. കൊല്ലം-പുനലൂര്‍ പാതയില്‍ എഴുകോണ്‍ അറുപറക്കോണം ഭാഗത്ത് പാളത്തില്‍ വിള്ളല്‍ കïതോടെ അരകിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തകസഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും ലോക്കോപൈലറ്റിന് അപായസൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ദുരന്തമാണ് അന്ന് ഒഴിവായത്.
ഇക്കഴിഞ്ഞ 14ന് രാത്രിയില്‍ കലയപുരത്തുണ്ടായ ബൈക്ക് അപകടത്തിലാണ് അനുജിത്തിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്. ഹൈവേ പോലീസ് അനുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച്ച അനുജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചു. കൊട്ടാരക്കര ഫയര്‍ ആന്‍ഡ് സേഫ്റ്റി സെല്‍ഫ് ഡിഫന്‍സ് അംഗമായിരുന്ന അനുജിത് നേരത്തെ തന്നെ അവയവദാനത്തിന് സമ്മതപത്രം നല്കിയ ആളാണ്.
ബന്ധുക്കളുടെ സമ്മതം ലഭിച്ചതോടെ ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു ഈ ചെറുപ്പക്കാരന്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് തുടങ്ങി പല വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനര്‍ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വം നല്‍കിയത്.
കൊച്ചി ലിസി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഉള്ള തൃപ്പൂണിത്തുറ സ്വദേശിക്കാണ് അനുജിത്തിന്റെ ഹൃദയം കൈമാറിയത്. ഹെലിക്കോപ്ടറിലെത്തിക്കുകയായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും അനുജിത് നിരവധി പേരുടെ ജീവനാണ് രക്ഷിച്ചത്. വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍പിള്ളയുടെയും വിജയകുമാരിയുടെയും മകനാണ് അനുജിത്. ഭാര്യ പ്രിന്‍സി, മകന് എഡ്വിന്.
രമേശ് അവണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: