മുംബൈ: മഹാരാഷ്ട്രയിലെ പ്രധാന ഹോട്ട്സ്പോട്ടായ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ ദിവസം 2,601 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടത്തെ ആകെ ബാധിതര്‍ 54,013. പൂനെ സിറ്റി, പിംപ്രി-ചിഞ്ച്വാട് എന്നിവിടങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ജൂലൈ 23 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നാല്‍ പത്ത് ദിവസത്തിനകം ജില്ലയിലെ ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന് പൂനെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം അറിയിച്ചു. കൂടുതല്‍ കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നും ഉടന്‍ സൗകര്യങ്ങളൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ 8,240 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ആകെ ബാധിതര്‍ 3,18,695. പുതുതായി 176 പേര് മരിച്ചു. ആകെ മരണം 12,030. കഴിഞ്ഞ ദിവസം മാത്രം 5,460 പേര് രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തര്‍ 1,75,029. നിലവില്‍ ചികിത്സയിലുള്ളത് 1,31,334 പേര്.
മുംബൈയില്‍ 1,043 പേര് പുതുതായി വൈറസ് ബാധിതരായി. ആകെ രോഗികള്‍ 1.02 ലക്ഷം. 5,752 മരണങ്ങള് ഇതുവരെ ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 71 ശതമാനമായി.
താനെ നഗരത്തില്‍ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ മരിച്ചു. വൈറസ് ബാധിച്ച് മരിക്കുന്ന, നഗരത്തിലെ ആറാമത്തെ ഡോക്ടറാണ് രമേഷ് വീര്‍. 20 ദിവസമായി ചികിത്സയിലായിരുന്നു.
തമിഴ്നാട്ടില്‍ ആരോഗ്യ സെക്രട്ടറിയുടെ കുടുംബത്തിന് വൈറസ് ബാധ
ചെന്നൈ: തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്റെ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ, മകന്, ഭാര്യയുടെ അച്ഛന്, ഭാര്യയുടെ അമ്മ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ ചെന്നൈയിലെ കിങ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന് ആന്‍ഡ് റിസര്‍ച്ചില്‍ ചികിത്സയിലാണ്. എന്നാല്‍, ആരോഗ്യ സെക്രട്ടറിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
തമിഴ്നാട്ടിലെ വൈറസ് ബാധിതര്‍ 1.75 ലക്ഷം കടന്നു. 1,75,678 രോഗികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം മാത്രം 4,985 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 70 പേര് കൂടി മരിച്ചു. ആകെ മരണം 2,551.
ചെന്നൈയില്‍ മാത്രം പുതുതായി 1,298 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടത്തെ ആകെ ബാധിതര്‍ 87,235. സംസ്ഥാനത്താകെ 1,21,776 പേര് രോഗമുക്തരായി. 51,351 പേര് നിലവില്‍ വൈറസ് ബാധിതരായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: